നോയിഡയിലെ ഡോഗ് ഷെൽട്ടർ ഹോമിലെ ഒരു ജീവനക്കാരനെ അവിടുത്തെ പിറ്റ്ബുൾ വളർത്തുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. സെക്ടർ 108ലെ ഡോഗ് ഷെൽട്ടർ ഹോമിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈറലാകുന്ന സിസിടിവി ദൃശ്യങ്ങളിൽ, നായ്ക്കുട്ടി ഡോഗ് ഷെൽട്ടർ സ്റ്റാഫിന് നേരെ കുതിക്കുന്നതും കാലിൽ കടിക്കുന്നതുമാണ് കാണുന്നത്.
കാലിൽ നിന്ന് രക്തം വാർന്നൊഴുകാൻ തുടങ്ങിയതോടെ നായ ഇയാളെ ആക്രമിക്കുന്നത് തുടരുകയാണ്. ആക്രമണത്തിൽ നിന്ന് മറ്റ് ജീവനക്കാർ രക്ഷപ്പെടുത്തിയ ശേഷം ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ആക്രമണകാരികളായ പിറ്റ്ബുള്ളുകൾ ചിലപ്പോൾ അവരുടെ ഉടമകളെ പോലും ആക്രമിക്കുന്നവരാണ്. രാജ്യത്ത് വളർത്തുനായ്ക്കളുടെ ആക്രമണം വർധിച്ചതിനെ തുടർന്ന് 2024-ൽ പിറ്റ്ബുൾസ് ബുൾഡോഗ്, റോട്ട്‌വീലർ എന്നിവയുൾപ്പെടെ 24 ഇനം നായ്ക്കളുടെ വിൽപ്പന കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു.
സർക്കാർ നിരോധിച്ച മറ്റ് ഇനങ്ങളിൽ ടെറിയേഴ്സ്, മോസ്കോ ഗാർഡ്, ബാൻഡോഗ്, ടോസ ഇനു, അമേരിക്കൻ സ്റ്റാഫോർഡ്ഷയർ ടെറിയർ, ഫില ബ്രസീലീറോ, ഡോഗോ അർജൻ്റീനോ എന്നിവയും ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന സമാനമായ സംഭവത്തിൽ ഗാസിയാബാദിൽ 15 വയസ്സുള്ള ആൺകുട്ടിയെ പിറ്റ്ബുൾ നായ ആക്രമിച്ചിരുന്നു. ഈ സംഭവവും സിസിടിവിയിൽ പതിഞ്ഞിരുന്നു. തറയിൽ കിടന്ന കുട്ടിയെ നായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.
കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ രക്ഷിച്ചത്. ആദ്യം നായയെ ചവിട്ടി കുട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും . പിന്നീട് ചില തെരുവ് നായ്ക്കളുടെ സഹായത്തോടെയാണ് കുട്ടിയെ രക്ഷിച്ചത്. സംഭവത്തിനു പിന്നാലെ മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ പിറ്റ് ബുള്ളിനെ പിടികൂടുകയും ചെയ്തു.