വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പരീക്ഷാക്കാലമാണ്. എത്രത്തോളം മാര്‍ക്ക് കൂടുതല്‍ വാങ്ങാമെന്ന മത്സരത്തിലാണ് കുട്ടികള്‍ ഓരോരുത്തരും. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോകുംവഴി വിവാഹം കഴിക്കാന്‍ തയ്യാറായ ഒരു വിദ്യാര്‍ത്ഥിനിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറിലാണ് സംഭവം നടന്നത്. ഫെബ്രുവരി 22നാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ബീഹാറിലെ ബോര്‍ഡ് പരീക്ഷയ്ക്കിടെയാണ് ഈ വിവാഹത്തിന്റെ വീഡിയോ പുറത്ത് വന്നത്.
പരീക്ഷാ കേന്ദ്രത്തിലെത്തുന്നതിന് മുമ്പാണ് ഈ വിദ്യാര്‍ത്ഥിനി തന്റെ കാമുകനെ വിവാഹം കഴിച്ചത്. ബൈക്കിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ കാമുകന്‍ ഈ കുട്ടിയുടെ നെറുകയില്‍ സിന്ദൂരം ചാര്‍ത്തുകയായിരുന്നു. കാമുകന്‍ തന്നെയാണ് ഈ രംഗം മൊബൈലില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് വീഡിയോയ്ക്കെതിരെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി. ബോര്‍ഡ് പരീക്ഷ ആരംഭിക്കുന്നതോടെ ബീഹാറില്‍ ഒളിച്ചോട്ടവും വിവാഹവും പതിവുകാഴ്ചയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൊതുപരീക്ഷയില്‍ വിജയിച്ചില്ലെങ്കില്‍ വിവാഹം കഴിപ്പിച്ചുവിടുമെന്ന വീട്ടുകാരുടെ സമ്മര്‍ദ്ദം പെണ്‍കുട്ടികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. പരീക്ഷയ്ക്ക് എത്തുന്നതിന് മുമ്പ് തങ്ങള്‍ പരാജയപ്പെടുമെന്ന അകാരണമായ ഭയം കൊണ്ടാണ് മാതാപിതാക്കള്‍ തെരഞ്ഞെടുക്കുന്നയാളെ വിവാഹം കഴിക്കാന്‍ ഇഷ്ടമില്ലാത്ത പെണ്‍കുട്ടികള്‍ തങ്ങളുടെ കാമുകന്‍മാരെ വിവാഹം കഴിക്കുന്നത്.