നമ്മള്‍ മലയാളികള്‍ക്ക് ഒരു നേരം ചോറ് കഴിച്ചില്ലെങ്കില്‍ എന്തോ പോലെയാണ്. പലപ്പോഴും ഒരു തൃപ്തി ലഭിച്ചെന്ന് വരില്ല. എന്നാല്‍ മലയാളികളിലെ ഈ അരിആഹാര പ്രിയം കുറയുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേരളത്തില്‍ അരിആഹാരം കഴിക്കുന്നതില്‍ ഗണ്യമായ കുറവ് വന്നതായിയാണ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട ഗാര്‍ഹിക ഉപഭോഗ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്.
2011-12 ല്‍ കേരളത്തിൽ ഗ്രാമീണ മേഖലകളില്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഒരാളുടെ അരി ഉപഭോഗം .ഇത് 2022- 23 ലേക്ക് വരുമ്പോള്‍ 5.82 കിലോഗ്രാമായി കുറഞ്ഞു. നഗരപ്രദേശങ്ങളില്‍ 6.74 ആയിരുന്നത് 5.25 കിലോഗ്രാമായും കുറഞ്ഞു. ആരോഗ്യ സംരക്ഷണമെന്ന ഒരു കാരണമാണ് ഒരു പക്ഷേ മനസ്സില്ലാമനസ്സോടെയാണെങ്കിലും മലയാളികള്‍ അരി ആഹാരം കുറയ്ക്കാനുള്ള ഒരു കാരണം. ചോറ് എത്ര കുറയ്ക്കുന്നോ അത്ര നല്ലത് എന്ന് കാഴ്ചപാടാണ് പലവര്‍ക്കും. അരി ഭക്ഷണം അമിതവണ്ണത്തിന് വഴിവെക്കുന്നുവെന്നും ജീവിത ശൈലി രോഗങ്ങള്‍ വർധിപ്പിക്കുന്നതുമായാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്.
അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് മഗ്നീഷ്യം, വിറ്റാമിന്‍ ബി 6, നിയാസിന്‍ തുടങ്ങിയ ആവശ്യ പോഷകങ്ങളുണ്ട്. ഒരു കപ്പ് ചോറിലാവട്ടെ 206 കാലറിയാണുള്ളത്. അരി ഭക്ഷണം ഉപേക്ഷിച്ചെങ്കിലും മലയാളി ഹെല്‍ത്തിയായോ എന്ന് ചോദിച്ചാല്‍ ഇല്ലായെന്നാണ് ഉത്തരം. അരി ഒഴിവാക്കിയവരില്‍ അധികവും വയറു നിറയ്ക്കുന്നത് അനാരോഗ്യകരമായ ഭക്ഷണം കൊണ്ടാണ്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ലഘു പലഹാരങ്ങളും ചോറിനെക്കാള്‍ വില്ലന്മാരാണ്.
കേരളത്തില്‍ പൊണ്ണത്തടി വര്‍ധിക്കുകയാമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 20 വയസ്സില്‍ മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിലധികവും അമിത വണ്ണമുള്ളവരാണ്. ശരീരത്തിലെ അമിതമായ കൊഴുപ്പ് മൂലം കാന്‍സര്‍ സാധ്യത വരെ വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.