അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങളുടെ ആദ്യ സൂചനയാണ് കാലുകളില്‍ അനുഭവപ്പെടുന്ന മരവിപ്പ്. നാഡി സമ്മര്‍ദ്ദം മോശം രക്തചംക്രമണം
അല്ലെങ്കില്‍ നാഡിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥകള്‍ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഒരു സ്ഥലത്ത് അധിക നേരം ഇരുന്നത് കാരണം ഇത് താല്‍ക്കാലികമാകാം.
അല്ലെങ്കില്‍ പ്രമേഹം, നാഡി തകരാറ് അല്ലെങ്കില്‍ രക്തചംക്രമണ വൈകല്യങ്ങള്‍ പോലുള്ള അവസ്ഥകള്‍കൊണ്ട് സ്ഥിരവുമാകാം. എന്നാല്‍ ഈ മരവിപ്പ് പതിവായി ഉണ്ടാകുകയാണെങ്കിലും ബലഹീനത, വേദന അല്ലെങ്കില്‍ നടക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയും ചെയ്താല്‍ കാരണം കണ്ടെത്തുന്നതിനായി വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്.
കാലിന്റെ മരവിപ്പിന് കാരണമായേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ നോക്കാം. രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചാസാരയുടെ അളവ് ഞരമ്പുകളെ തകരാറിലാക്കുകയും പ്രമേഹ ന്യൂറോപ്പതിയിലേക്ക് നയിക്കുകയും ചെയ്യാം. ഇത് ആദ്യം കാലുകളെ ആണ് ബാധിക്കുന്നത്. തരിപ്പ്, കുത്തുന്ന പോലെയുള്ള സംവേദനങ്ങള്‍ എന്നിവയ്ക്കും കാരണമാകാം. പ്രമേഹം കാരണമുണ്ടാകുന്ന മോശം രക്തചംക്രമണം നാഡികളുടെ പ്രവര്‍ത്തനെ വഷളാക്കുന്നു.
പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് എന്നത് കാലുകളിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ്കൂടി രക്തയോട്ടം കുറയ്ക്കുന്ന അവസ്ഥയാണ്. ഇതും കാലുകളില്‍ മരവിപ്പ് , പേശി വേദന , ബലഹീനത എന്നിവയ്ക്ക് കാരണമാകും. രക്തയോട്ടം കുറയുന്നതിന് കാരണം കാലുകളിലെ വ്രണങ്ങള്‍ അണുബാധ എന്നിവയുമാകാം.
മള്‍ട്ടിപ്പിൾ സ്‌ക്ലിറോസിസ് എന്നത് ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. ഇത് മെയലിന്‍ പാളികള്‍ക്ക് കേട്പാടുകള്‍ വരുത്തി നാഡീവ്യവസ്ഥയെ ബാധിക്കുന്നു. നാഡികളിലെ ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്നു. ഇത് മരവിപ്പ് , ബലഹീനത പ്രശ്‌നങ്ങളിലേക്കും നയിക്കും.
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ പക്ഷാഘാതം സംഭവിക്കുന്നു. ഇത് നാഡികളുടെ പ്രവര്‍ത്തനത്തിനെ തകരാറിലാക്കുന്നു. പെട്ടന്നുള്ള മരവിപ്പ് പക്ഷാഘാതത്തിന്റെയോ മിനി -സ്‌ട്രോക്ക് എന്നും അറിയപ്പെടുന്ന ട്രാന്‍സിയന്റ് ഇസ്‌കീമിക് അറ്റാക്കിന്റെയോ ഒരു മുന്നറിയിപ്പാകാം.
വൈറ്റമിന്‍ ബി 12 ബി 6 , ഇ എന്നിവയുടെ കുറവ് നാഡികളിലെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കാലുകളില്‍ മരവിപ്പും തരിപ്പും ഉണ്ടാകുന്നത് കാരണമാകുന്നു. വൈറ്റമിന്‍ ബി 12 ന്റെ കുറവ് പെരിഫറല്‍ ന്യൂറോപ്പതിക്ക് കാരണമാകുന്നു. നട്ടെല്ലിന്റെ സ്ഥാനം തെറ്റിയതിനാലോ സന്ധിവാതം കാരണമോ പരിക്ക് കാരണമോ ഉണ്ടാകുന്ന ഞരമ്പ് ഞെരുങ്ങുന്നത് കാലുകളില്‍ മരവിപ്പിനും തരിപ്പിനും കാരണമാകുന്നു. ലംബര്‍ റാഡിക്യുലോപതി എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ലൂപ്പസ് , റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന അവസ്ഥകള്‍ നാഡി വീക്കം അല്ലെങ്കില്‍ കേടുപാടുകള്‍ക്ക് കാരണമാകുന്നു.അപൂര്‍വ രോഗമായ ഗില്ലന്‍ – ബാരി സിന്‍ഡ്രോം രോഗപ്രതിരോധ സംവിധാനം നാഡികളെ ആക്രമിക്കുന്നതിലേക്ക് നയിക്കാം.കാലിലെ മരവിപ്പ്, ബലഹീനത, ഗുരുതരമായ കേസുകളില്‍ പക്ഷാഘാതം എന്നിവയ്ക്കും കാരണമാകുന്നു.