കുട്ടികള്‍ക്ക് ഇനി പരീക്ഷക്കാലമാണ്. ഒട്ടും സമ്മര്‍ദ്ദമില്ലാതെ ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാന്‍ കുട്ടിയെ പ്രാപ്‌തരാക്കേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്. മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് തനിക്ക് ഉയരാന്‍ സാധിക്കുമോ എന്ന ഭയം എല്ലാ കുട്ടികളിലുമുണ്ട്.
അതിനാല്‍ നിങ്ങളുടെ കുട്ടികളെ പറ്റിയുള്ള പ്രതീക്ഷകള്‍ ഒരിക്കല്‍ കൂടി വിലയിരുത്തണം. കുട്ടിയുടെ കഴിവിനും ഭാവിക്കും ചേര്‍ന്നുള്ള പ്രതീക്ഷകളാണോ നിങ്ങള്‍ കുട്ടികളോട് പങ്കുവച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഓരോ മാതാപിതാക്കളും തയാറാവണം.
എല്ലാ കുട്ടികള്‍ക്കും ഒന്നാമതാകുവാനോ റാങ്ക് വാങ്ങുവാനോ സാധിക്കില്ല. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് കുട്ടിയുടെ ആത്മവിശ്വാസത്തില്‍ വിള്ളലുണ്ടാക്കുകയും അവരുടെ മാനസികാരോഗ്യത്തെയും പരീക്ഷയിലെ പ്രകടനത്തെയും ബാധിക്കുകയും ചെയ്യും. അതുകൊണ്ട് എത്ര പ്രയാസമുള്ള വിഷയവും നന്നായി എഴുതുവാന്‍ കഴിയുമെന്ന ആത്മവിശ്വാസം അവര്‍ക്കു നല്‍കണം. പരീക്ഷക്ക് തയ്യാറെടുക്കുമ്പോള്‍ ഏതുവിഷയത്തിലാണ് ശ്രദ്ധ വേണ്ടത് എന്നതു മുതല്‍ അവരുടെ എല്ലാ വിഷമങ്ങളും കണ്ടെത്തണം.
ഏറെനേരം അവരോടൊപ്പം ചെലവിടാനും സമയം കണ്ടെത്തണം. പരീക്ഷക്ക് മുന്‍പ് തന്നെ കുട്ടിയോട് നിന്റെ പരമാവധി നീ ശ്രമിച്ചിട്ടുണ്ട്. എന്തുതന്നെയായലും ഞങ്ങളുണ്ട് കൂടെ എന്ന മാതാപിതാക്കളുടെ ഉറപ്പ് കുട്ടികളില്‍ താനൊറ്റക്കല്ലയെന്ന തോന്നലുണ്ടാക്കുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യും.
മാതാപിതാക്കളുടെയും അധ്യാപകരുടെയും സമയോചിതമായ ഇടപെടലും പൂര്‍ണപിന്തുണയുമാണ് കുട്ടികളുടെ കരുത്ത്. കുട്ടികള്‍ക്ക് ഏതു സമയത്തും സന്തോഷങ്ങളും പ്രയാസങ്ങളും പങ്കുവയ്‌ക്കാമെന്നതരത്തിലുള്ള സമീപനം അനാരോഗ്യപരമായ സമര്‍ദ്ദം കുറയ്‌ക്കുന്നതിന് സഹായിക്കും. പരീക്ഷ ദിവസങ്ങളില്‍ മതിയായ ഉറക്കവും പോഷകഹാരങ്ങളും ധാരാളം വെള്ളവും കുട്ടിയ്‌ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
പരീക്ഷാക്കാലത്തെ അനാവശ്യമായ യാത്രകളും വിനോദങ്ങളും കല്ല്യാണ സത്‌ക്കാര പരിപാടികളും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കുടുംബംഗങ്ങളുടെ പിന്തുണയും സമാധാന പൂര്‍ണ്ണമായ അന്തരീക്ഷവും കുട്ടികള്‍ക്ക് ലഭ്യമാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും ഉത്തരവാദിത്തമാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം.