ജാന്‍സി: ജീവിതത്തില്‍ വിവാഹങ്ങള്‍ ഒന്നേയുള്ളെന്നാണ് വെയ്പ്. അതുകൊണ്ടു തന്നെ ജീവിതത്തിലെ ഏറെ നിര്‍ണ്ണായകമായ ഘട്ടമെന്ന് പലരും വിശേഷിപ്പിക്കുന്ന വിവാഹം അവിസ്മരണീയമാക്കാന്‍ എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് മനുഷ്യര്‍ നടത്താറുള്ളത്. മുകളില്‍ ഹെലികോപ്റ്റര്‍. താഴെ ഡസന്‍ കണക്കിന് ജെസിബികള്‍. ജാന്‍സിയില്‍ നിന്നുള്ള ഒരു വിവാഹത്തിന്റെ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
യുപിയില്‍ ഒരു വധുവിന്റെ കുടുംബമാണ് ജെ.സി.ബി റാലി നടത്തിയത്. ഉത്തര്‍പ്രദേശിലെ ബുള്‍ഡോസര്‍ നടപടിയില്‍ ഭയന്നിരിക്കുന്ന ജനം ആദ്യം ഒന്നു പരിഭ്രാന്തരായെങ്കിലും സംഗതി തങ്ങള്‍ പേടിക്കുന്ന കാര്യമല്ലെന്ന് വ്യക്തമായതോടെ പിന്നെ മൊബൈലില്‍ വീഡിയോ എടുക്കാന്‍ നെട്ടോട്ടമായിരുന്നു. ആസാദ് നഗര്‍ നിവാസിയായ മുന്നി ലാല്‍ യാദവിന്റെ ഇളയ മകന്‍ രാഹുല്‍ യാദവിന്റെ വധു കരിഷ്മ എസ് യുവിയിലാണ് ‘ബിദായി’ ക്കായി ഇരുന്നത്. പിന്നാലെ അകമ്പടി സേവിച്ചത് ഒരു ഡസനോളം ബുള്‍ഡോസറുകള്‍ ആയിരുന്നു.
സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വിവാഹത്തിന് പേരും വീണു. ‘ബുള്‍ഡോസര്‍ വിവാഹം’. ”ഇവ ബാബാജിയുടെ ബുള്‍ഡോസറുകളാണ്, അവ ഉപയോഗിച്ച് വ്യത്യസ്തമായ ‘ബിഡായി’ ചെയ്യാന്‍ ഞങ്ങള്‍ ആലോചിച്ചു, അത് മനോഹരവും വ്യത്യസ്തവുമാകും. ബിഡായിക്കായി സാധാരണ ആളുകള്‍ പരമ്പരാഗതമായി കാറുകളും ഹെലികോപ്റ്ററുകളുമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ഞങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു. കാരണം ദൈവകൃപയാല്‍ ഞങ്ങള്‍ക്ക് ചില ജെസിബികളുണ്ട്.” ബിഡായി വ്യതസ്തമാക്കാനുള്ള ആശയം എവിടുന്നാണ് കിട്ടിയതെന്ന കാര്യത്തില്‍ വരന്റെ അമ്മാവന്‍ രാംകുമാര്‍ പറഞ്ഞു,
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് കുറ്റവാളികളുടെ ഉടമസ്ഥതയിലുള്ള അനധികൃത നിര്‍മ്മാണങ്ങളും സ്ഥലങ്ങളും പൊളിക്കുന്നതിന് ‘ബുള്‍ഡോസര്‍ നടപടി’ എന്നാണ് പൊതുവെ പറയാറ്. പുറകേ പുറകേ ബുള്‍ഡോസറുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ആളുകള്‍ അമ്പരന്നിരുന്നു. എന്നാല്‍ വിവാഹ ആഘോഷങ്ങളുടെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ആശ്വാസമായത്