ലണ്ടന്‍: ലോകാവസാനത്തെക്കുറിച്ച് പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ ഐസക്ക് ന്യൂട്ടന്റെ പ്രവചനം ചര്‍ച്ചയാകുന്നു. 2060 ല്‍ ലോകം അവസാനിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 320 ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1704 ലാണ് ന്യൂട്ടന്‍ ഈ പ്രവചനം നടത്തിയത്.
എന്നാല്‍ ശാസ്‌ത്രീയ കാഴ്‌ചപ്പാടുകളുടെ അടിസ്‌ഥാനത്തിലല്ല ന്യൂട്ടന്റെ ഈ പ്രവചനം. ബൈബിളിലെ വെളിപാട് പുസ്‌തകത്തിന്റെ അടിസ്‌ഥാനത്തില്‍ കണക്കുകൂട്ടിയാണ് അദ്ദേഹം ലോകാവസാനം പ്രവചിച്ചത്. റോമന്‍ സാമ്രാജ്യത്തിന്‍റെ ഉദയം മുതല്‍ 1260-ാം വര്‍ഷം ലോകം അവസാനിക്കുമെന്നായിരുന്നു ന്യൂട്ടന്റെ കണ്ടെത്തല്‍.
300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗണിതശാസ്‌ത്ര കണക്കുകൂട്ടലുകള്‍ നടത്തിയ ഒരു കത്തിലാണു ന്യൂട്ടന്‍ ഈ മുന്നറിയിപ്പ് എഴുതിയത്. പ്രവചനം അനുസരിച്ച് ഇനി 35 വര്‍ഷം കൂടിയേ ലോകം അവസാനിക്കാനുള്ളൂവെന്നതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
ബൈബിളിനെക്കുറിച്ചുള്ള പ്രൊട്ടസ്‌റ്റന്റ് വ്യാഖ്യാനത്തെയാണ് അദ്ദേഹം ആശ്രയിച്ചത്. വെളിപാട് പുസ്‌തകത്തിന്റെ അവസാന അധ്യായത്തിലെ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണു ന്യൂട്ടന്റെ കണക്കുകൂട്ടല്‍. തിന്മയുടെ ശക്‌തികള്‍ക്കെതിരേ (ഭൂമിയിലെ രാജാക്കന്മാര്‍ നയിക്കുന്ന) നന്മയുടെ ശക്‌തികളുടെ (ദൈവത്തിന്റെ നേതൃത്വത്തില്‍) വിജയത്തിലാണ് അദ്ദേഹം വിശ്വസിക്കുന്നത്. യുദ്ധം ലോകാവസാനത്തെ അടയാളപ്പെടുത്തുമെന്നും ദൈവം കൊണ്ടുവന്ന സമാധാനത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം എഴുതിയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രവചനം വ്യാഖ്യാനിക്കാന്‍ തിരുവെഴുത്തുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന ദിവസങ്ങളെ വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ട് ന്യൂട്ടണ്‍ ബൈബിള്‍ ചരിത്രത്തിലെ ഗണിതവും തീയതികളും ഉപയോഗിച്ചു. ന്യൂട്ടന്‍റെ പ്രവചനമടങ്ങിയ കത്ത് ജെറുസലേമിലെ ഹീബ്രു സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, ആ പ്രവചനത്തില്‍ ശാസ്‌ത്രത്തിനു പങ്കില്ലെന്നു ഹാലിഫാക്‌സിലെ കിങ്‌സ് കോളജിലെ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രഫസറായ സ്‌നോബെലെന്‍ പറഞ്ഞു. അതേസമയം ന്യൂട്ടന്റെ കത്തില്‍ കൃത്യമായി 2060 ല്‍ ലോകം അവസാനിക്കുമെന്ന് പറയുന്നില്ലെന്നും ചിലപ്പോള്‍ അത് കഴിഞ്ഞേമെന്നും കത്തില്‍ പറയുന്നുണ്ട്.