സ്മാർട്ട്‌ഫോണുകൾ അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുന്ന നിരവധി സംഭവങ്ങൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരം അപകടങ്ങളിൽ ആളുകൾക്ക് ജീവൻ വരെ നഷ്ടപ്പെട്ട് പോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ചിലർ ഇതുപോലെയുള്ള വൻ വിപത്തുകളിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെടാറുമുണ്ട്.
ഇപ്പോഴിതാ ബ്രസീലിലും സമാനമായ ഒരു സംഭവം ഉണ്ടായിരിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഷോപ്പിംഗിനിടെ ഒരു യുവതിയുടെ പിൻപോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണിത്.
ബ്രസീലിലെ അനപോളിസിലാണ് നാടകീയ സംഭവം . ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലായികൊണ്ടിരിക്കുന്നത്. വീഡിയോയിൽ ഒരു മാളിൽ ഷോപ്പിംഗ് നടത്തുന്ന യുവതിയുടെ പാന്റിന്റെ പോക്കറ്റിൽ നിന്ന് ആദ്യം പുകയും പിന്നാലെ തീയും വരുന്നതാണ് കാണുന്നത്. തീ ആളിക്കത്തിയതോടെ യുവതി പരിഭ്രാന്തിയിലായി ബഹളം വെയ്ക്കാൻ തുടങ്ങി.
ഉടനെ ഇത് കണ്ട യുവതിയുടെ ഭർത്താവ് സഹായിക്കാൻ ഓടിയെത്തുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്നതുകാണാം. തുടർന്ന് തീ അണച്ച ശേഷം ഗുരുതര പൊള്ളാലേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അപകടത്തിൽ യുവതിയുടെ മുതുകിലും കൈത്തണ്ടയിലും നിതംബത്തിലും പൊള്ളലേറ്റിട്ടുണ്ട്. യുവതി സുഖംപ്രാപിച്ചു വരുകയാണ്. റിപ്പോർട്ടുകൾ പ്രകാരം മോട്ടറോള മോട്ടോ ഇ32 എന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. ഈ ഫോണിന് ഒരു വർഷത്തിൽ താഴെ മാത്രം പഴക്കം ഉണ്ടായിരുന്നുള്ളു എന്നാണ് പുറത്തുവരുന്ന വിവരം.