Celebrity Featured

ഈ പാകിസ്ഥാനി നടന്‍ സംസ്‌കൃതം സംസാരിക്കും, സരസ്വതി വന്ദനം ചൊല്ലും; ട്രോളുകളും ഏറ്റുവാങ്ങുന്നു

ബോളിവുഡിലെ പല അഭിനേതാക്കളും പാകിസ്ഥാനില്‍ നിന്ന് വന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയവരാണ്. ദിലീപ് കുമാര്‍, പ്രാണ്‍, അദ്നാന്‍ സാമി എന്നിവര്‍ അത്തരത്തിലുള്ളവരാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ സംസ്‌കൃതം നന്നായി സംസാരിച്ച് ആളുകളെ അമ്പരപ്പിച്ച ഒരു പാക് നടനുണ്ട്. പാകിസ്ഥാന്‍ സിനിമയ്ക്കൊപ്പം ബോളിവുഡിലും പ്രവര്‍ത്തിച്ച താരമാണിത്. ചിലര്‍ നടന്റെ സംസ്‌കൃത ഉച്ചാരണത്തെ പ്രശംസിക്കുമ്പോള്‍ ചിലര്‍ അദ്ദേഹത്തെ ട്രോളുകയും ചെയ്യുന്നു.

‘നദിയാം , പക്ഷി, പവന്‍ കെ ജോക്കെ… കോയി സര്‍ഹദ് നാ ഇന്‍ഹേ റോക്കെ’ എന്ന ഗാനം നിങ്ങള്‍ കേട്ടിരിക്കണം. അതുപോലെ, ഭാഷ ഏതെങ്കിലും രാജ്യത്തെയോ അതിര്‍ത്തിയെയോ ആശ്രയിക്കുന്നില്ല എന്ന് പറയപ്പെടുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാകിസ്താന്‍ നടന്‍ അലി ഖാന്‍. അനായാസമായി സംസ്‌കൃതം സംസാരിച്ചും മികച്ച അഭിനയം കൊണ്ടും അദ്ദേഹം ആളുകളെ അമ്പരപ്പിയ്ക്കുന്നു. ബോളിവുഡ്, ഹോളിവുഡ് സിനിമകളിലും ഈ താരം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഷാരൂഖ് ഖാനും കാജോളിനുമൊപ്പമാണ് അലി ഖാന്‍ സ്‌ക്രീന്‍ പങ്കിട്ടത്. അദ്ദേഹത്തിന്റെ ഒരു അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഈ അഭിമുഖത്തില്‍ അവതാരക നടനോട് ‘നിങ്ങള്‍ ഹിന്ദി നന്നായി സംസാരിക്കും’ എന്ന് പറയുന്നു. ഇതിന് മറുപടിയായി അലി ഖാന്‍ പറയുന്നു, തനിക്ക് സംസ്‌കൃതവും നന്നായി സംസാരിക്കാന്‍ കഴിയുമെന്ന്,  ഇത് കേട്ട് അവതാരിക സ്തംഭിച്ചു പോകുന്നതാണ് കാണുന്നത്.

ഇതിനുശേഷം, സംസ്‌കൃതത്തില്‍ എന്തെങ്കിലും ചൊല്ലാന്‍ അവതാരക അഭ്യര്‍ത്ഥിക്കുന്നു. ഇതോടെ അലി ഖാന്‍ ഒരു ശ്ലോകം ചൊല്ലുന്നു. ”യാ കുന്ദേന്ദുതുഷാരഹാരധവളാ യാ ശുഭ്രവസ്ത്രവ്രതാ യാ വീണാവരദണ്ഡമണ്ഡിതകരാ യാ ശ്വേതപത്മസനാ.”  ബ്രഹ്മാവ്, അച്യുതന്‍, ശങ്കരന്‍, തുടങ്ങിയവരാല്‍ സദാ പൂജിക്കപ്പെടുന്ന സരസ്വതീ ദേവി, എല്ലാ മായയെയും നശിപ്പിക്കുന്ന ദേവി എന്നെ സംരക്ഷിക്കട്ടെ എന്നാണ് ഈ ശ്ലോകത്തിന്റെ അര്‍ത്ഥം.

ശ്ലോകത്തിന്റെ അവസാന ഭാഗം അദ്ദേഹം മറന്നു പോയിരുന്നു. എന്നാല്‍ അവിടെ ഇരുന്നവരും അവതാരകയും അദ്ദേഹത്തിന്റെ കഴിവ് കണ്ട് അദ്ഭുതപ്പെടുകയായിരുന്നു. താരത്തിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അതേസമയം ചിലര്‍ അദ്ദേഹത്തിന്റെ ട്രോളുകള്‍ ഉണ്ടാക്കി സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്.