ന്യൂഡല്‍ഹി: വീട്ടിലിരിക്കുമ്പോള്‍ ഒരു ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനാണെന്ന് തോന്നുമെന്നും ഒരു ആണ്‍കുട്ടിയെ കിട്ടാന്‍ തനിക്ക് കൊതിയുണ്ടെന്നും വ്യക്തമാക്കി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തനിക്ക് ഒരു ചെറുമകനെ വേണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ച് കളിയായിട്ടാണ് പറഞ്ഞതെങ്കിലും താരത്തിന്റെ വ്യക്തമായ പരാമര്‍ശങ്ങള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുകയാണ്.
നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർത്തിയിട്ടുണ്ട്. ചിരഞ്ജീവിയെപോലെയൊരാള്‍ 2025-ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് ഏറെ വിഷമകരമാണെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ നടന്ന ബ്രഹ്മാനന്ദത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ചിരഞ്ജീവി ഇക്കാര്യം പറഞ്ഞത്.
തന്റെ വീട് സ്ത്രീകളെ കൊണ്ടു നിറഞ്ഞിരിക്കുകയാണെന്നും ഒരു ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്ന വാര്‍ഡന്റെ പ്രതീതിയാണ് തനിക്ക് ഉണ്ടാകുന്നതെന്നും താരം പറഞ്ഞു. കുടുംബപരമ്പര തുടരാന്‍ ഒരു കൊച്ചുമകനെ വേണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘റാം ചരണിനോട് ഇത്തവണയെങ്കിലും നമ്മുടെ പാരമ്പര്യം തുടരാന്‍ ഒരു ആണ്‍കുട്ടി ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിച്ചു കൊണ്ടേയിരുന്നു, അവന് കണ്ണിലെ കൃഷ്ണമണിയാണ് മകൾ. തന്റെ മകന്‍ രാം ചരണിന് ഇനിയുണ്ടാകുന്നതും മറ്റൊരു പെണ്‍കുഞ്ഞ് ആയിരിക്കുമോ എന്ന ഭയമുണ്ടെന്നും അയാള്‍ക്ക് വീണ്ടും ഒരു പെണ്‍കുഞ്ഞ് ജനിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും താരം പറഞ്ഞു.
2012 ആണ് രാം ചരണും ഉപാസന കാമിനേനിയും വിവാഹിതരാവുന്നത്. 2023 ആണ് ഇവർക്ക് ക്ലിൻ കാര എന്ന മകൾ ജനിക്കുന്നത്. മകന്‍ രാം ചരണിനെ കൂടാതെ, ചിരഞ്ജീവിക്ക് രണ്ട് പെണ്‍മക്കളുണ്ട്, ശ്രീജ കൊനിഡേലയും സുസ്മിത കൊനിദേലയും. ശ്രീജയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്, നവിക്ഷയും നിവൃതിയും; സുസ്മിതയുടെ പെണ്‍മക്കള്‍ സമരയും സംഹിതയുമാണ്. തന്റെ പാരമ്പര്യത്തെക്കുറിച്ചുള്ള ചിരഞ്ജീവിയുടെ അഭിപ്രായവും രാം ചരണിനോട് ഒരു പുരുഷ അവകാശിയെ ആവശ്യപ്പെട്ടതും അത്ര ശരിയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.