കഴിഞ്ഞ ഏതാനും നാളുകളായി ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിച്ചുവരുകയാണ്. ഇത് യുവ തലമുറയ്ക്കിടയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ചുറുചുറുക്കോടെ നടക്കുന്നതിനിടയിലാണ് പലരും കുഴഞ്ഞു വീഴുന്നതും മരണപ്പെടുന്നതും.
ഇതിന്റെ ഏറ്റവും ഭയാനകമായ ഒരു ദൃശ്യമാണ് ഇപ്പോൾ മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ നടന്ന ഒരു വിവാഹവേദിയിൽ നിന്നും പുറത്തുവരുന്നത്. നൃത്തം ചെയ്യുന്നതിനിടെ 23 കാരിയായ യുവതി കുഴഞ്ഞുവീണു മരിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളായിരുന്നു ഇത്.
ശനിയാഴ്ച രാത്രി വിദിഷ ബൈപാസ് റോഡിലെ റിസോർട്ടിൽ ബന്ധുവിന്റെ ‘സംഗീത്’ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ പർണിത ജെയിൻ എന്ന യുവതിയാണ് മരണപെട്ടത്. പ്രകടനത്തിനിടയിൽ പർണിത കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
സംഭവത്തിനു പിന്നാലെ ഇൻഡോർ സ്വദേശിയായ പർണിത മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് പ്രാദേശിക ജൈന സമുദായ നേതാവ് സച്ചിൻ ജെയിൻ പിടിഐയോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയിൽ അതിഗംഭീര നൃത്തത്തിനിടയിൽ യുവതി കുഴഞ്ഞു വേദിയിലേക്ക് വീഴുന്നതാണ് കാണുന്നത്.
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ വേദിയിലേക്ക് ഓടിയെത്തി സിപിആർ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
12 വർഷം മുമ്പ് പർണിതയുടെ ഇരട്ടസഹോദരൻ സൈക്കിൾ യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചതായി ജെയിൻ വെളിപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് വിദിഷയിൽ പോസ്റ്റ്‌മോർട്ടം നടത്താതെയാണ് അന്ത്യകർമങ്ങൾ നടത്തിയത്.
അതേസമയം, ഹൃദയസംബന്ധമായ അസുഖം മരണകാരണമാകാമെന്ന് ഭോപ്പാൽ ആസ്ഥാനമായുള്ള ഫിസിഷ്യൻ ഡോ.വിജയ് സക്‌സേന അഭിപ്രായപ്പെട്ടു. “ലക്ഷണങ്ങളില്ലാത്ത ചില ജനിതക ഹൃദ്രോഗങ്ങൾ കുട്ടിക്കാലം മുതൽ നിലവിലുണ്ട്, പലപ്പോഴും, ഒരു വ്യക്തി സ്വയം അല്ലെങ്കിൽ സ്വയം പ്രയത്നിക്കുമ്പോൾ മാത്രമേ അവ പ്രകടമാകൂ,” അദ്ദേഹം പറഞ്ഞു.
മിക്ക കേസുകളിലും, ഹൃദയാഘാതം മൂലം പെട്ടെന്നുള്ള മരണം സംഭവിക്കാം. വെൻട്രിക്കുലാർ ഡിസ്ഫംഗ്ഷൻ, കാർഡിയോമയോപ്പതി തുടങ്ങിയ അവസ്ഥകൾ ഹൃദയസ്തംഭനത്തിനും കഠിന പ്രവൃത്തികൾ ചെയ്യുമ്പോൾ പെട്ടെന്നുള്ള മരണത്തിനും കാരണമാകുമെന്ന് ഡോക്ടർ പറഞ്ഞു.
“ഉച്ചത്തിലുള്ള ഡിജെ സംഗീതത്തിന് ഹൃദയമിടിപ്പുകളെ ത്വരിതപ്പെടുത്താനും രക്തസമ്മർദ്ദം ഗണ്യമായി വർദ്ധിപ്പിക്കാനും കഴിയും, ഇത് ഹൃദയസ്തംഭനത്തിന് കാരണമായേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ ആർക്കും പരാതിയില്ലെന്നും ഇക്കാര്യം പോലീസിൽ അറിയിച്ചിട്ടില്ലെന്നും സാഞ്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നിതിൻ അഹിർവാർ വ്യക്തമാക്കി.