Lifestyle

ഈ പാനീയങ്ങള്‍ നിങ്ങള്‍ കുടിക്കാറുണ്ടോ? കരളിന്റെ ആരോഗ്യം നശിക്കും, രോഗങ്ങൾ പിന്നാലെ

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ കഴിയാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. പതിവായോ അമിതമായോ ഈ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും കരളിനെ തകരാറാക്കാറുണ്ട്. കരളിനു ദോഷം വരുത്തുന്ന പാനീയങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം…..

* മദ്യം – കരള്‍നാശത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. അമിതമായ മദ്യപാനം മൂലം കരളിന് വീക്കം ഉണ്ടാവുകയും ക്രമേണ കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും അമിതമദ്യപാനം ഫാറ്റി ലിവര്‍, ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്, സീറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

* സോഫ്റ്റ് ഡ്രിങ്ക്‌സ് – കരള്‍ രോഗത്തിന്റെ സാധ്യതാഘടകങ്ങള്‍ ഒന്നുമില്ലാത്തവരില്‍ പോലും കരളിനു ക്ഷതം ഉണ്ടാക്കുന്ന ഒരു പാനീയമാണു സോഫ്റ്റ്ഡ്രിങ്ക്‌സ്. കേവലം ഒരു മധുരപാനീയം മാത്രമെന്ന് കരുതാനാവില്ല. കനേഡിയന്‍ ജേണല്‍ ഓഫ് ഗ്യാസ്‌ട്രോ എന്‍ട്രോളജി ആന്‍ഡ് ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് സോഫ്റ്റ് ഡ്രിങ്കുകളുടെ പതിവായ ഉപയോഗം കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാനും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറി(NAFLD) നും കാരണമാകുമെന്നാണ്. കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുകയും കരള്‍വീക്കം ഉണ്ടാകുകയും ചെയ്യും. ഇതിലെ അമിത മധുരവും കൃത്രിമ അഡിറ്റീവുകളും കരളിനെ സമ്മര്‍ദത്തിലാക്കുകയും കൊഴുപ്പ് അടിഞ്ഞു കൂടാനിടയാക്കുകയും ഗുരുതരമായ കരള്‍ രോഗത്തിനു കാരണമാകുകയും ചെയ്യും.

* മധുരപാനീയങ്ങള്‍ – മധുരപാനീയങ്ങള്‍ കരളിന്റെ ആരോഗ്യം ഇല്ലാതാക്കും. ഫ്‌ലേവേര്‍ഡ് ടീ, ഫ്രൂട്ട് പഞ്ചസ്, ആരോഗ്യകരമെന്ന് നമ്മള്‍ കരുതുന്ന ജ്യൂസുകള്‍ ഇവയിലെല്ലാം ആഡഡ് ഷുഗര്‍ ഉണ്ട്. ദ്രാവകരൂപത്തിലുള്ള ഈ പഞ്ചസാര വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുകയും കരളിന് അമിതഭാരം വരുത്തുകയും ചെയ്യും. പഞ്ചസാര ഉപാപചയപ്രവര്‍ത്തനം വഴി കൊഴുപ്പ് ആയി മാറുന്നു. ഇത് കരളില്‍ അടിഞ്ഞുകൂടി നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസിനു കാരണമാകും. സോഡയുടെ അതേ ഫലമാണിതിനും. കുറേ കഴിയുമ്പോള്‍ കരളിനു വീക്കം ഉണ്ടാകുകയും ചില കേസുകളില്‍ ഇത് ഫൈബ്രോസിനും സീറോസിസിനും കാരണമാകുകയും ചെയ്യും. കരളിന്റെ ആരോഗ്യത്തിനും കരള്‍ രോഗം തടയാനും മധുരപാനീയങ്ങളുെട ഉപയോഗം കുറയ്ക്കാം.

* എനര്‍ജി ഡ്രിങ്ക്‌സ് – ക്ഷീണം തോന്നുമ്പോള്‍ പെട്ടെന്ന് ഉന്മേഷം ലഭിക്കാന്‍ മിക്കവരും ഊര്‍ജപാനീയങ്ങള്‍ (energy drinks) കുടിക്കും. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്തും. കരളിനേല്‍ക്കുന്ന കടുത്ത പരിക്ക്, ഊര്‍ജ പാനീയങ്ങളുടെ അമിതോപയോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടിയ അളവിലുള്ള ടോറിന്‍, കഫീന്‍, മറ്റ് സ്റ്റിമുലന്റുകള്‍ ഇവയെ വിഘടിപ്പിക്കാന്‍ കരളിന് ഏറെ പണിപ്പെടേണ്ടി വരും. ഊര്‍ജപാനീയങ്ങളുടെ അമിത ഉപയോഗം കരളിന്റെ പ്രവര്‍ത്തനത്തകരാറിനു കാരണമാകും. കരള്‍മാറ്റ ശസ്ത്രക്രിയ ഉടന്‍ നടത്തേണ്ട അവസ്ഥ വരെ ചിലരിലുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *