മാലിബു : വ്യായാമം ആരോഗ്യകരമായ ശരീരത്തിന് നിര്‍ബന്ധമായും വേണ്ട ഒന്നാണ്. എന്നാല്‍ തെറ്റായ രീതിയിലുള്ള വ്യായാമ രീതി ഗുണത്തിന് പകരം ദോഷമായിരിയ്ക്കും ശരീരത്തിന് നല്‍കുക. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനുള്ള വ്യായാമം പരിക്ക് ഏല്‍പ്പിച്ചതിനെ കുറിച്ച് പറയുകയാണ് കാലിഫോര്‍ണിയന്‍ ഫിറ്റ്നസ് പരിശീലക ക്രിസ്റ്റീന ഷ്മിഡ്റ്റ്. ബാര്‍ബെല്‍ ഹിപ്പ് ത്രസ്റ്റ് എന്ന വ്യായാമമാണ് 24കാരിയായ ഷ്മിഡ്റ്റിന് പരുക്കേല്‍പ്പിച്ചത്.
സമൂഹ മാധ്യമത്തിലൂടെയാണ് ഈ വ്യായാമത്തെ സംബന്ധിച്ച് ഷ്മിഡ്റ്റിന് അറിവ് ലഭിച്ചത്. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനും കാലുകള്‍ക്ക് ആകര്‍ഷകമായ രൂപം നല്‍കുന്നതിനുമാണ് ഈ വ്യായാമം ചെയ്യുന്നത്. ഹാംസ്ട്രിംഗ്‌സ്, ക്വാഡ്‌സ്, കാല്‍വുകള്‍ എന്നിവയെയും ഇത് പരോക്ഷമായി ലക്ഷ്യമിടുന്നു. വ്യായാമത്തിലൂടെ മികച്ച ഫലങ്ങള്‍ കണ്ട ഷ്മിഡ്റ്റ് താമസിയാതെ ഇത് തന്റെ പതിവ് ജിം റൂട്ടീനില്‍ ഉള്‍പ്പെടുത്തി. ഭാരം ക്രമേണ വര്‍ധിപ്പിച്ച് 140 കിലോഗ്രാം വരെ എത്തിച്ചു.
എന്നാല്‍ രണ്ട് മാസത്തിന് ശേഷം വലത് ഇടുപ്പില്‍ കഠിനമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. വേദന കാരണം ഷ്മിഡ്റ്റിന് ശരിയായി നടക്കാന്‍ പോലും കഴിഞ്ഞില്ല. എംആര്‍ഐ സ്‌കാനില്‍ വലത് ഇടുപ്പില്‍ സ്‌ട്രെസ് ഫ്രാക്ചര്‍ കണ്ടെത്തി. അമിതഭാരം എടുക്കുന്നത് തെറ്റായ രീതിയില്‍ ചെയ്തതാണ് പരുക്കിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ശസ്ത്രക്രിയയിലൂടെ ഇടുപ്പ് ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും ബാക്ടീരിയ അണുബാധയുണ്ടായി. ഇത് സെപ്റ്റിക് ആര്‍ത്രൈറ്റിസിനും രക്തത്തിലെ വിഷബാധയ്ക്കും കാരണമായി. മുറിവ് വൃത്തിയാക്കാന്‍ വീണ്ടും ശസ്ത്രക്രിയ നടത്തുകയും മൂന്ന് മാസത്തെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുകയും ചെയ്തു. സമൂഹ മാധ്യമത്തിലെ ഉപദേശങ്ങള്‍ അന്ധമായി പിന്തുടരരുതെന്ന് ഷ്മിഡ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു. ഓരോ വ്യക്തിക്കും വ്യത്യസ്തമായ പേശി ഘടനയാണുള്ളതെന്നും അവര്‍ പറയുന്നു.