2004 ഡിസംബര്‍ 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്‌നാട് തീരത്ത് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നത് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്ന
ജെ രാധാകൃഷ്ണനായിരുന്നു.
കീച്ചന്‍കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്‍ക്ക് ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതകരമായി ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ കിട്ടി. ദുരന്തത്തില്‍ അനാഥരായ കുട്ടികളെ പരിപാലിക്കുന്നതിനായി, തമിഴ്നാട് സര്‍ക്കാര്‍ നാഗപട്ടണത്ത് അന്നൈ സത്യ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സ്ഥാപിച്ചിരുന്നു. രക്ഷപ്പെടുത്തിയ ആ കുഞ്ഞിനെ അവിടെ പാര്‍പ്പിച്ചു. മീന എന്ന പേരും നല്‍കി. വേളാങ്കണ്ണി ബീച്ചില്‍ നിന്ന് രക്ഷപ്പെടുത്തിയ മറ്റൊരു കുട്ടി സൗമ്യയും ഇതേ വീട്ടില്‍ അഭയം പ്രാപിച്ചു. രണ്ട് പെണ്‍കുട്ടികളും അവിടെവച്ച് നല്ല സൗഹൃദത്തലായി.
രാധാകൃഷ്ണനും ഭാര്യ കൃതികയും അവരുടെ ‘ഗോഡ് പാരന്റ്‌സ്’ ആയി. കരിയറും ഇടയ്ക്കിടെയുള്ള ട്രാന്‍സ്ഫറുകളും ഉണ്ടായിരുന്നിട്ടും, രാധാകൃഷ്ണന്‍ മീനയുടെയും സൗമ്യയുടെയും ജീവിതത്തില്‍ എല്ലാ സഹായങ്ങളും കരുതലും വത്സല്യവു നല്‍കി. അവരുടെ ജീവിതത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളിലും ഇരുവര്‍ക്കും ഒപ്പം ഉണ്ടാകുകയു ചെയ്തു. 2022-ല്‍ അദ്ദേഹം ആദ്യം സൗമ്യയുടെ വിവാഹം നടത്തി. കഴിഞ്ഞ വര്‍ഷം ജനിച്ച അവള്‍ക്ക് ഒരു മകളും ജനിച്ചു. കഴിഞ്ഞ ഞായാഴ്ച അദ്ദേഹം മീനയുടെ വിവാഹവും നടത്തിക്കൊടുത്തു.
നാഗപട്ടണത്തെ ദേശസാല്‍കൃത ബാങ്കില്‍ ജോലി ചെയ്യുന്ന പി മണിമാരനെയാണ് മീന വിവാഹം കഴിച്ചത്. ശ്രീ നെല്ലുകടൈ മാരിയമ്മന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. മീനയോടൊപ്പം വീട്ടില്‍ താമസിച്ച് പഠിച്ചിരുന്ന തമിഴരസിയും വിവാഹത്തില്‍ പങ്കെടുത്തു.