ഇന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നഗരങ്ങളിൽ ഒന്നാണ് ഡൽഹി. കോർപ്പറേറ്റ് ജീവനക്കാരുടെ കുത്തകയായതുകൊണ്ട് തന്നെ നഗരങ്ങളിലെ സഞ്ചാരം അത്ര സുഖമുള്ള പരിപാടിയല്ല. കാരണം തുടരെയുള്ള ട്രാഫിക് ബ്ലോക്കുകൾ യാത്ര പലപ്പോഴും മന്ദഗതിയിൽ ആക്കാറുണ്ട്. എന്നാൽ ഈ അവസരത്തിൽ ഊബർ പോലെയുള്ള യാത്ര സൗകര്യങ്ങൾ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പെട്ടെന്ന് എത്താൻ ആളുകൾക്ക് സഹായകമാകാറുണ്ട്.
എങ്ങനെയും ട്രാഫിക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്ത് എത്തുക എന്നുള്ളതാണ് ഭൂരിഭാഗം ആളുകളുടെയും ആഗ്രഹം. എന്നാൽ ഡൽഹിയിലെ അബ്ദുൾ ഖാദറിന്റെ ഊബറിൽ കയറുകയാണെങ്കിൽ യാത്ര ഒരിക്കലും അവസാനിക്കരുത് എന്നായിരിക്കും പലരും ആഗ്രഹിക്കുക.
കാരണം എന്താണന്നല്ലേ? ഒരു യാത്രക്കാരന് ആവശ്യമായതെല്ലാം സംഭരിച്ച് വെച്ചിരിക്കുന്ന വാഹനമാണ് ഖദീറിന്റേത്. ഇദ്ദേഹത്തിന്റെ കാറിന്റെ ഇന്റീരിയർ ദൃശ്യങ്ങളാണ് ഇപ്പോൾ റെഡ്ഢിറ്റിൽ വൈറലായികൊണ്ടിരിക്കുന്നത്.
സൗജന്യ ലഘുഭക്ഷണം, വെള്ളം, പെർഫ്യൂമുകൾ, മരുന്നുകൾ, ടിഷ്യൂകൾ, കൈയിൽ പിടിക്കുന്ന ഫാനുകൾ, കൂടാതെ ഒരു ആഷ്‌ട്രേ എന്നിവയിൽ നിന്ന് അദ്ദേഹത്തിന്റെ ക്യാബ് ഒരു പുതിയ അനുഭവമാണ് യാത്രക്കാർക്ക് നൽകുന്നത്.
അദ്ദേഹത്തിന്റെ വാഹനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരൻ ക്യാബിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ ആയിരുന്നു. “ഫ്ലൈറ്റുകളേക്കാൾ മികച്ച ക്യാബ് സൗകര്യങ്ങൾ ഞാൻ കണ്ടെത്തി.”എന്നായിരുന്നു.
പിന്നെ ഇതിലെ ഏറ്റവും നല്ല കാര്യം ഒരു രൂപ പോലും അധികമായി ഈടാക്കാതെയാണ് ഖദീർ ഇതെല്ലാം വാഗ്ദാനം ചെയ്യുന്നത്.
നിമിഷ നേരങ്ങൾക്കുള്ളിലാണ് ഈ ചിത്രങ്ങൾ റെഡ്‌ഡിറ്റ് പ്ലാറ്റ്‌ഫോമിൽ വൈറലായത്. മാത്രമല്ല റെഡ്‌ഡിറ്റ് ഉപഭോക്താവ് ഊബർ ഡ്രൈവറെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നൽകി. “അവന്റെ പേര് അബ്ദുൾ ഖാദർ. “ഉപഭോക്താക്കൾ ഒരിക്കലും റദ്ദാക്കപ്പെടാത്ത യൂബർ ഡ്രൈവർ” ഇദ്ദേഹത്തിനെ കുറിച്ച് പത്രത്തിൽ നിരവധി വാർത്തകൾ വന്നിട്ടുണ്ട്. ക്യാബിനുള്ളിൽ അദ്ദേഹത്തിന്റെ ജീവിത കഥയും വിവരിച്ചു കൊടുത്തിട്ടുണ്ട്. ഞാൻ എന്റെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു ഈ മനോഹരമായ ഇടം ശ്രദ്ധയിൽപെട്ടത്”. അദ്ദേഹം കുറിച്ചു.
നിരവധി ആളുകളാണ് പോസ്റ്റിന് കമന്റുമായി രംഗത്തെത്തിയത്. ഒരു ഉപയോക്താവ് എഴുതി, “ഡ്രൈവറിന് പേരും പ്രശസ്തിയും നൽകുക. അദ്ദേഹം വളരെയധികം അംഗീകരിക്കപെടേണ്ട ആളാണ്”.
മറ്റൊരു ഉപയോക്താവ് ചോദിച്ചു, “ഈ സൗകര്യങ്ങൾക്ക് എത്ര രൂപ കൂടുതലാകും? അതിന് റെഡ്ഡിറ്റർ മറുപടി പറഞ്ഞു, “എല്ലാം സൗജന്യമായിരുന്നു ബ്രോ. ഞാൻ കുറച്ചു മിഠായികൾ മാത്രമാണ് എടുത്തത്”.