നിങ്ങള്‍ക്ക് അമേരിക്കയിലെ അഡോള്‍ട്ട്സ് ഓണ്‍ളി ഹോട്ടലിന്റെ ചില സവിശേഷിതകള്‍ കേള്‍ക്കണോ? ഹോട്ട് ടബ്ബുകള്‍, ആകാശം കണ്ടുറങ്ങാനായി മേല്‍ത്തട്ടുള്ള വൃത്താകൃതിയിലെ കിടക്കകള്‍, റുമിനകത്ത് ഏഴടി ഉയരമുള്ള ഷാംപെയ്ന്‍- ഗ്ലാസ് ടബുകള്‍. ഹണിമൂണ്‍ ആഘോഷിക്കാനും പങ്കാളിയുമായി അവധിക്കാലം ആഘോഷകരമാക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് പെന്‍സില്‍വാനിയയിലെ അഡള്‍ട്ട്സ് ഓണ്‍ലി റിസോര്‍ട്ടുകള്‍ ഒരുക്കിയിരിക്കുന്ന കാഴ്ചകളില്‍ ചിലതാണ് ഇവ.
പെന്‍സില്‍ വാനിയയിലെ പല റിസോര്‍ട്ടുകളും പ്രശസ്തമാകുന്നത് അവയുടെ വിചിത്രമായ റൂം ഫീച്ചറുകളും മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള ഹോട്ടലുകളുടെയും പേരിലാണ്. ഹൃദയാകൃതിയിലുള്ള ടബുകളൊക്കെ ഇപ്പോള്‍ പല ഫൈവ് സ്റ്റാര്‍ റിസോര്‍ട്ടുകളിലും കാണാന്‍ സാധിക്കും. എന്നാല്‍ പെന്‍സില്‍വാനിയയിലെ കോവ് ഹേവനിലെയും സഹോദര റിസോര്‍ട്ടുകളായ പൊക്കോണോ പാലസിലെയും പാരഡൈസ് സ്ട്രീമിലെയും പല മുറികളും ഇന്‍ – റും ജാക്കൂസികളാല് സജ്ജീകരിച്ചിരിക്കുന്നു. അതില്‍ പലതും ഹൃദയാകൃതിയിലുള്ളതാണ്. ആവശ്യപ്പെട്ടാല്‍ ഹോട്ടല്‍ അധികൃതര്‍ തന്നെ ഈ ടബില്‍ കുമിളകള്‍ നിറച്ചുതരും.
മുറിയുടെ നടുക്ക് രണ്ട് തൂണുകളുടെ ഇടയില്‍ വച്ചിരിക്കുന്ന ഷാംപെയ്ന്‍ ഗ്ലാസാണ് അടുത്ത ആകര്‍ഷണ ഘടകം. ഏഴടി പൊക്കമുള്ള ഈ ഷാംപെയ്ന്‍ ഗ്ലാസ് ടബ്ബ് മനോഹര അനുഭവം തന്നെയാണ്. തറയില്‍ നിന്നും 7 അടി പൊക്കത്തില്‍ നിങ്ങള്‍ ഒരു ഗ്ലാസിനകത്ത് ഇരിക്കുന്നതായി സങ്കല്‍പ്പിച്ച് നോക്കിയട്ടുണ്ടോ.
ഇനിയും സവിശേഷിതകള്‍ ഏറെയുണ്ട്. കുതിര വണ്ടി സവാരി മുതല്‍ ഇന്‍ഡോര്‍ ഐസ് സ്കേറ്റിങ്, ബില്യാര്‍ഡ്സ്, ന്യൂലിവെഡ് ഗെയിം വരെ ഇവിടെ അറേഞ്ച് ചെയ്ത് തരുന്നു. ഒരുപാട് നിരക്ക് ഈടാക്കുന്നില്ല. ഇത്തിരി കൂടി ആഡംബരം നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈഡന് ഗാര്ഡന്, ആപ്പിൾ സ്യൂട്ടുകള്‍ എന്നിവയും ഉണ്ട്.
1963ലാണ് കോവ് പൊക്കോണോ റിസോര്‍ട്ടുകള്‍ അതിന്റെ ഹൃദയാകൃതിയിലുള്ള ഹോട്ട് ടബ്ബ് ആദ്യമായി അവതരിപ്പിച്ചത്. താമസിക്കാതെ രാജ്യത്തെ പല ഹോട്ടലുകളിലും ഈ ഡിസൈന്‍ പകര്‍ത്താനായി ആരംഭിച്ചു. ഹാര്‍ട്ട് ഷേപ്പിലുള്ള ടബുകള്‍ എല്ലാവരും നിര്‍മിക്കാനായി ആരംഭിച്ചതിന് പിന്നാലെ റിസോര്‍ട്ട് 1984ല്‍ ഷാംപെയ്ന്‍ ഗ്ലാസ് ടബ് അവതരിപ്പിച്ചു. മാത്രമല്ല ഷാംപെയ്ന്‍ ഹോട്ട് ടബുള്ള സ്യൂട്ടുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്യുകയും ചെയ്തു. ഇന്ന് എവിടെ മുറി ലഭിക്കാനായി മാസങ്ങൾ കാത്തിരിക്കണം.