Lifestyle

എട്ടാം വയസ്സില്‍ ഇന്ത്യയില്‍ കുടുങ്ങി; പതിനാറാം വയസ്സില്‍ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് നാട്ടിലേക്ക് മടക്കം

അനധികൃതമായി ഇന്ത്യയില്‍ കടന്നതിന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് എട്ടു വര്‍ഷത്തിന് ശേഷം മോചനം. 2017-ല്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന് സമീപത്ത് നിന്നും മാതാപിതാക്കള്‍ക്കൊപ്പം പിടികൂടിയ എട്ടുവയസ്സുകാരിയാണ് ഇനി നാട്ടിലേക്ക് മടങ്ങുന്നത്. ഇപ്പോള്‍ 16 വയസ്സുള്ള അവള്‍ ഈ ആഴ്ച സ്വന്തം നാട്ടിലേക്ക് മടങ്ങും.

മുമ്പ് അവളുടെ മാതാപിതാക്കളെ അനധികൃതകുടിയേറ്റത്തിന് ജയിലില്‍ പിടിച്ചിടുകയും ശിക്ഷാ കാലാവധിക്ക് ശേഷം നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റം ചുമത്തിയില്ല. അവളെ ഇന്ത്യയില്‍ കഴിയാന്‍ വിട്ടു.

അവള്‍ ബംഗാളിലെ അഭയാര്‍ത്ഥികളുടെ വീട്ടില്‍ തന്നെ തുടര്‍ന്നു. അടുത്തിടെയാണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി. സൗത്ത് 24 പര്‍ഗാനാസ്, അവളുടെ കേസ് ട്രാക്ക് ചെയ്യുകയും ബാലാവകാശങ്ങളും കടത്തുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഡയറക്ടറേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തത്. ഇത് അവള്‍ക്ക് വീട്ടിലേക്ക് മടങ്ങാനുള്ള വഴിയൊരുക്കി.

രണ്ട് ദിവസത്തിനകം ചിറ്റഗോങ്ങിലെ ബന്ദര്‍ബന്‍ ജില്ലയില്‍ കൗമാരക്കാരിയെ കുടുംബത്തോടൊപ്പം തിരികെയെത്തിക്കുമെന്ന് അവളുടെ മടങ്ങിവരവിനുള്ള നിയമസാധുതകള്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച പെട്രാപോള്‍-ബെനാപോള്‍ അതിര്‍ത്തിയില്‍ വെച്ച് ബംഗ്ലാദേശ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനാണ് സാധ്യത. മോചന വാര്‍ത്ത കൗമാരക്കാരിയില്‍ സമ്മിശ്ര വികാരങ്ങള്‍ പ്രകടിപ്പിച്ചു.

കഴിഞ്ഞ എട്ട് വര്‍ഷമായി വീട്ടിലേക്ക് പോകാന്‍ അവള്‍ പ്രാര്‍ത്ഥിച്ചിരുന്നു. ബംഗ്ലാദേശില്‍ തിരിച്ചെത്തിയാല്‍ പഠനം തുടരാനാണ് പെണ്‍കുട്ടിയുടെ പദ്ധതി. പെണ്‍കുട്ടിക്ക് സുഗമമായ മടക്കയാത്ര ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന അധികൃതര്‍. വീട്ടില്‍ മറ്റ് 24 പെണ്‍കുട്ടികളുണ്ട്, അവരില്‍ നാല് പേര്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്, മടങ്ങാനുള്ള അനുമതിക്കായി കാക്കുകയാണ്.