Featured Lifestyle

ചൂട് കാലം; തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ നല്ലതാണോയെന്ന് എങ്ങനെ തിരിച്ചറിയാം?

ചൂട് കാലമാണ്. അന്തരീക്ഷത്തിലെ ചൂട് മുപ്പത്തിയേഴ് ഡിഗ്രിയും കഴിഞ്ഞ് മുന്നോട്ടാണ്. , ചൂട് കാരണം പുറത്ത്പോകാന്‍ പോലും സാധിക്കില്ല. ഈ സമയത്ത് കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എങ്കിലും ചൂട് കാലമായാല്‍ എപ്പോഴെത്തെയും താരം നമ്മുടെ തണ്ണിമത്തനാണ്. ദാഹം മാറാനും നിര്‍ജലീകരണം തടയാനും ഉഗ്രനാണ് ഇത്. പക്ഷെ തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങണം. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

ഒരുപോലെ ഉള്ള രണ്ട് തണ്ണിമത്തന്‍ എടുക്കുമ്പോള്‍ അതില്‍ ഭാരകൂടുതലുള്ളത് വാങ്ങാം. ഇതില്‍ അധികം ജ്യൂസ് ഉണ്ടാകും. തണ്ണിമത്തനില്‍ വിരലുകള്‍ തട്ടുമ്പോഴുണ്ടാകുന്ന ശബ്ദവ്യത്യാസം കൊണ്ട് പഴുത്തതാണോയെന്ന് തിരിച്ചറിയാം. ആഴത്തില്‍ നിന്നുള്ള ശബ്ദം പാകത്തിന് വിളഞ്ഞതിന്റെ ആകാം. ഫ്‌ളാറ്റായ ശബ്ദം പഴുത്ത് പോയതിനെയും സൂചിപ്പിക്കുന്നു.

തണ്ണിമത്തന്‍ മണത്ത് നോക്കുമ്പോള്‍ ലഭിക്കുന്ന സ്വീറ്റ് സ്‌മെല്‍ അതിന്റെ വിളവിനെ സൂചിപ്പിക്കുന്നു. മണമില്ലെങ്കില്‍ പാകമായില്ലയെന്ന് ഉറപ്പിക്കാം. വിളവ് കൂടുതലാണെങ്കില്‍ മണവും കൂടുതലായിരിക്കും.

നന്നായി പഴത്ത തണ്ണിമത്തന്റെ പുറന്തോടില്‍ വിരലുകള്‍കൊണ്ട് അമര്‍ത്താനായി സാധിക്കും. വിളവ് പാകമാകത്തതിന്റെ പുറംതോടില്‍ കട്ടി കൂടുതലായിരിക്കും. നല്ല തണ്ണിമത്തന്‍, നിറത്തിലൂടെയും മനസ്സിലാക്കാനായി സാധിക്കും. കടുംപച്ച നിറത്തിലും ഇളം പച്ച നിറത്തിലുമുള്ളത് വിളഞ്ഞു പാകമായതാണ്. മഞ്ഞ നിറത്തോടു കൂടിയത് പാകമായതാണ്. പുറത്ത് വെളുത്ത നിറമാണെങ്കില്‍ മൂപ്പെത്താതെ പറിച്ചെടുത്തതാണ്.

പതുക്കെ തണ്ണിമത്തന്‍ കഴിക്കാനാണ് താല്‍പര്യപ്പെടുന്നതെങ്കിൽ തണ്ണിമത്തന്‍ കേടാകാതെ ഇരിക്കാനായി സാധാരണ താപനിലയില്‍ മുറിയില്‍ തന്നെ സൂക്ഷിക്കുക. സൂര്യപ്രകാശം നേരിട്ട് അടിക്കാനായി ഇടവരുത്തരുത്.

കഴിച്ചതിന് ശേഷം ബാക്കി വരുന്ന തണ്ണിമത്തന്‍ ഒരു പ്ലാസ്റ്റിക് അല്ലെങ്കില്‍ കടലാസില്‍ പൊതിഞ്ഞ് ഫ്രിജില്‍ സൂക്ഷിക്കാവുന്നതാണ്. അല്ലെങ്കില്‍ ചെറുതായി മുറിച്ച് ഒരു പാത്രത്തില്‍ അടച്ച് ഫ്രിജില്‍ സൂക്ഷിക്കാം. തണ്ണിമത്തന്‍ ഉണങ്ങി പോകാതെയിരിക്കാനായി ഇത് സഹായിക്കും.

തണ്ണിമത്തന്‍ ഒരുപാട് ദിവസം കേടാകാതെ ഇരിക്കാനായി അതിന്റെ തൊലി കളയാതെയിരിക്കണം. പുറം തോലി കളയാത്ത പക്ഷം പോഷകഗുണവും രുചിയും ജലവും നഷ്ടമാകാതെയിരിക്കും. ഇനി ആപ്പിളിനും വാഴപ്പഴത്തിനും ഒപ്പം തണ്ണിമത്തന്‍ വയ്ക്കരുത്. എന്തെന്നാല്‍ വാഴപ്പഴവും ആപ്പിളും എത്തിലീന്‍ വാതകം പുറത്തുവിടും. അത് തണ്ണിമത്തന്‍ വേഗം പഴുക്കുന്നതിന് ഇടയാകും. കൂടുതല്‍ പഴുത്താല്‍ ഉപയോഗശൂന്യമാകും.

കുറേ നാള്‍ തണ്ണിമത്തന്‍ സൂക്ഷിക്കണമെങ്കില്‍ ഫ്രീസറില്‍ വയ്ക്കാവുന്നതാണ്. പുറം തൊലി കളഞ്ഞ് കഷ്ണങ്ങളായി മുറിച്ച് വായുകടക്കാത്ത പാത്രത്തിലോ പ്ലാസ്റ്റിക് പേപ്പറിലോ പൊതിഞ്ഞ് ഫ്രീസറില്‍ വയ്ക്കാം. ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ 8 മാസം വരെ കേടാകാതെയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *