മുന്‍ യു. എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പേരിനൊപ്പം ഇപ്പോൾ ഉയര്‍ന്നു കേൾക്കുന്ന പേരാണ് അമ്പത്തഞ്ചുകാരി ജെനിഫര്‍ അനിസ്റ്റണിന്റേത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനു പിന്നാലെ ആരാണ് ജെനിഫര്‍ എന്ന് തിരയുന്നവരുടെ എണ്ണം കൂടി. ഇത് ഏറ്റവും വിചിത്രമായ ഗോസിപ്പ് ആണെന്നും എനിക്ക് ബരാക് ഒബാമയെ അറിയില്ലെന്നും അദ്ദേഹവുമായി ഡേറ്റിംഗ് നടത്തേണ്ട കാര്യമില്ലെന്നും ജെന്നിഫർ ആനിസ്റ്റൺ പറഞ്ഞിരുന്നു.
അമേരിക്കന്‍ നടിയും നിര്‍മാതാവുമാണ് ജെനിഫര്‍. സിറ്റ്കോണ് സ്റ്റോം എന്ന ടെലിവിഷന്‍ പരിപാടിയിലെ റേച്ചല്‍ ഗ്രീന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ഇവര്‍ ആഗോളതലത്തില്‍ ശ്രദ്ധ നേടുന്നത്. ഗോള്‍ഡൻ ഗ്ലോബ് അടക്കം പല പുരസ്കാരങ്ങളും ജെനിഫറെ തേടിയെത്തി. 2023ല്‍ ലോകത്തില്‍ അധികം പ്രതിഫലം നേടുന്ന നടിമാരില്‍ ഒരാളായി ജെനിഫര്‍ അനിസ്റ്റണ്‍ മാറി.
ഓഫിസ് സ്പേസ്, ബ്രൂസ് ആള്‍മൈറ്റി, ദ് ബ്രേക്ക് അപ്പ്, മാര്‍ലി തുടങ്ങയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. ലോകത്തില്‍ ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകളുടെ പട്ടികയില്‍ ഒരുപാട് തവണ ഇടം നേടിയ വ്യക്തികൂടിയാണ് ജെനിഫര്‍. 300 മില്യന്‍ യു എസ് ഡോളര്‍ ആസ്തിയുണ്ട് ഇവര്‍ക്ക്.
ഹോളിവുഡ് താരം ബ്രാഡ് പിറ്റായിരുന്നു ആദ്യ ഭര്‍ത്താവ്. 2000ല്‍ നടന്ന വിവാഹം 2005ല്‍ വേര്‍പിരിഞ്ഞു. ജെനിഫര്‍ കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞതാണ് ആ ബന്ധം ഉലയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2011ല്‍ നടനും സംവിധായകനുമായ ജെസ്റ്റിന് തൈറോക്സുമായി പ്രണയത്തിലായി. 2015ല്‍ ഇരുവരും വിവാഹിതരായെങ്കിലും അധികകാലം ആ ബന്ധവും നീണ്ടുനിന്നില്ല.
2008ൽ ഒബാമയുടെ തിരഞ്ഞെടുപ്പു പ്രചരണത്തിൽ സജീവ സാന്നിധ്യമായിരുന്നു ജെനിഫർ അനിസ്റ്റണ്‍. 2016ല്‍ ഹിലാരി ക്ലിന്റനെ പിന്തുണച്ചു. 2020ല്‍ ജോബൈഡന് പിന്തുണ നല്കി.
കുട്ടികളില്ലാത്തതിന്റെ പേരില്‍ പ്രമുഖരിൽനിന്നുവരെ അവര്‍ അവഹേളനം നേരിട്ടു. പല തവണ കുഞ്ഞുങ്ങള്‍ക്കായി ഐ വി എഫ് നടത്തിയതായും ജെനിഫര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജെനിഫര്‍ തന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി സാല്‍മണ്‍ മത്സ്യത്തിന്റെ ബീജം കൊണ്ടുള്ള ഫേഷ്യല്‍ ചെയ്തിരുന്നു. യാത്രകള്‍ പോകുമ്പോള്‍ സ്വന്തം തെറപ്പിസ്റ്റിന്റെ ചിതാഭസ്മം അടങ്ങിയ ബാഗ് കയ്യില്‍ കരുതുന്ന വിചിത്ര സ്വഭാവത്തെ കുറിച്ചും ജെനിഫര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.