Oddly News

പ്രസവം നേരത്തെയാക്കാന്‍ കൂട്ടയിടി, ട്രംപിന്റെ നയത്തില്‍ ‘നയപരമായി’ നീങ്ങി ഗര്‍ഭിണികള്‍

ന്യൂയോര്‍ക്ക്‌: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ എക്‌സിക്യൂട്ടീവ്‌ ഉത്തരവിനു പിന്നാലെ, പ്രസവം നേരത്തെയാക്കാന്‍ യു.എസിലുള്ള ഇന്ത്യന്‍ ഗര്‍ഭിണികള്‍. ഫെബ്രുവരി 20-നു ശേഷം ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ യു.എസില്‍ ജനിച്ചു എന്നതുകൊണ്ടു മാത്രം പൗരാവകാശം കിട്ടില്ലെന്ന സാഹചര്യത്തിലാണിത്‌.
എട്ടു മാസം ഗര്‍ഭിണിയായവര്‍ മുതല്‍ ഭ്രൂണം പൂര്‍ണ കാലയളവിലെത്താന്‍ ആഴ്‌ചകള്‍ മാത്രം ശേഷിക്കുന്നവരുള്‍പ്പെടെ പ്രസവം നേരത്തെയാക്കാന്‍ ഡോക്‌ടര്‍മാരെ സമീപിച്ചു തുടങ്ങി. ഏഴു മാസം ഗര്‍ഭിണിയായ സ്‌ത്രീ ഭര്‍ത്താവിനൊപ്പം എത്തി പ്രസവം ഷെഡ്യൂള്‍ ചെയ്യാന്‍ സമീപിച്ചതായി ന്യൂജേഴ്‌സിയിലെ മെറ്റേണിറ്റി ക്ലിനിക്കില്‍ ജോലി ചെയ്യുന്ന ഡോ. എസ്‌.ഡി. രമ പറയുന്നു. ഇവരില്‍ പലരും താല്‍ക്കാലിക വിസകളില്‍ രാജ്യത്ത്‌ താമസിക്കുന്നവരാണ്‌. ഇങ്ങനെയുള്ള ദശലക്ഷക്കണക്കിന്‌ ഇന്ത്യക്കാരാണു മക്കളിലൂടെയെങ്കിലും അമേരിക്കയില്‍ സ്‌ഥിരതാമസമാക്കാന്‍ ലക്ഷ്യമിടുന്നത്‌. പ്രത്യേകിച്ചും, ഗ്രീന്‍ കാര്‍ഡിനായി കാത്തിരുന്നു മടുത്തവര്‍. “ഒരുപാട്‌ ത്യാഗങ്ങള്‍ സഹിച്ചാണ്‌ യു.എസില്‍ എത്തിയത്‌. ഇനി അത്‌ നഷ്‌ടപ്പെടുത്തുക വയ്യ.”- എച്ച്‌.വണ്‍ ബി വിസക്കാരനായ ഇരുപത്തിയെട്ടുകാരന്റെ വാക്കുകള്‍ ഇങ്ങനെ. ഇയാളുടെ ഭാര്യയുടെ പ്രസവതീയതി ഏതാനും മാസങ്ങള്‍ അപ്പുറത്താണ്‌.
അപ്പോഴും, മാസം തികയാതെയുള്ള പ്രസവത്തിന്‌ സങ്കീര്‍ണതകള്‍ നിരവധിയാണ്‌. കുഞ്ഞിന്റെ ശ്വാസകോശം പൂര്‍ണമായി വികസിച്ചെന്നു വരില്ല. കൂടാതെ ഭാരക്കുറവ്‌, ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ എന്നിവയൊക്കെ സംഭവിക്കാമെന്നും ഡോക്‌ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.