Myth and Reality

കല്ലെടുത്ത് തലയണയ്ക്കടിയിൽ വച്ച് കിടന്നാൽ ഗർഭിണിയാകുമെന്ന് വിശ്വാസം; ‘മദര്‍ റോക്ക്’ പാറയെ തേടിയെത്തുന്ന സ്ത്രീകള്‍

ഒരു കുഞ്ഞിനെ ലഭിക്കണമെന്ന ആഗ്രഹവുമായി നിരവധി സ്ത്രീകൾ എത്തുന്ന ഒരു മലയുണ്ട് പോര്‍ച്ചുഗലില്‍. അവിടെ ഒരു പാറക്കല്ലുണ്ട്. ‘മദര്‍ റോക്ക്’ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പാറക്കെട്ടില്‍ നിന്നും ഒരു കല്ലെടുത്ത് അത് തലയണയ്ക്ക് അടിയില്‍ വെച്ച് കിടന്നാല്‍ ഗര്‍ഭം ധരിക്കാനാവുമെന്നാണ് വിശ്വാസം .

പോര്‍ച്ചുഗലിലെ അരൂക്കാ ജിയോ പാര്‍ക്കിലാണ് പെട്രാസ് പാരിഡെയ്‌റസ് അല്ലെങ്കില്‍ ബര്‍ത്തിങ് സ്റ്റോണ്‍ സ്ഥിതി ചെയ്യുന്നത്. സ്വയം ചെറു കല്ലുകള്‍ക്ക് ജന്മം നല്‍കാനുള്ള കഴിവ് ഈ പാറക്കെട്ടുകള്‍ക്കുള്ളതായി കരുതപ്പെടുന്നു. ഇതിന് ശാസ്ത്രീയ വശമുണ്ടെങ്കിലും ഈ പാറക്കല്ല് ഗര്‍ഭവതിയാണെന്നും അത് ജന്മം നല്‍കുന്നതാണ് ചെറിയ പാറക്കലുകളെന്നും ഇവിടുള്ളവര്‍ കരുതപ്പെടുന്നു.

ഒരു കിലോമാറ്റര്‍ നീളവും 600 മീറ്റര്‍ വീതിയുമുള്ള പരന്നുകിടക്കുന്ന ഗ്രാനൈറ്റ് കല്ലുകളാല്‍ നിര്‍മിച്ചതാണ് ഈ പാറക്കെട്ട്. ഈ പാറക്കെട്ടിന് മുകളിലായി 12 സെന്റീമീറ്റര്‍വരെ നീളത്തിലുള്ള ചെറുപാറക്കെട്ടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. 300 ദശലക്ഷത്തില്‍ പരം വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ പാറകള്‍ക്ക്. പാറയുടെ പുറം പാളിയില്‍ ബയോട്ടൈറ്റ് എന്ന ധാതുവാണ് അടങ്ങിയിരിക്കുന്നത്.

മഴയോ മഞ്ഞോ ഈ ധാതുവിലേക്ക് ഒലിച്ചിറങ്ങി കട്ടിയുള്ള ഖര രൂപത്തിലാകുന്നു. ഇങ്ങനെ ചെറു പാറകള്‍ രൂപീകൃതമാകുന്നത്. ഈ ചെറിയകല്ലുകള്‍ കാറ്റ്, മഴ , വേനല്‍ ശൈത്യം എന്നീ അവസ്ഥകള്‍ അനുസരിച്ച് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പാറയുടെ ഉപരിതലത്തിലേക്ക് ഇത് പുറംതള്ളപ്പെടുന്നുവെന്നാണ് ഗവേഷകരുടെ നിരീക്ഷണം. ചെറുകല്ലുകള്‍ പുറം തള്ളിയതിന് ശേഷം ‘അമ്മ പാറ’ സാധാരണ പാറക്കെട്ടിനെ പോലെയാകുന്നുവെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.

ഇതിന്റെ ചെറു കല്ലുകള്‍ ആവശ്യക്കാർക്ക് വില്‍ക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ ജിയോ പാര്‍ക്ക് ഇത്തരത്തില്‍ കല്ലുകള്‍ ശേഖരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.