Oddly News

വീട്ടിലേക്ക് കടിച്ചെടുത്തുകൊണ്ടു വന്ന് നായ 4വയസുകാരന് കളിക്കാന്‍ കൊടുത്തത് ‘നാടന്‍ബോംബ്’

എറിയുന്ന എന്തുസാധനവും എടുത്തുകൊണ്ടുവരാന്‍ പരിശീലിപ്പിക്കപ്പെട്ട ഒരു നായ നാലു വയസ്സുകാരന്റെ അരികില്‍ കൊണ്ടിട്ടത് ബോംബ്. ‘മിന്നാരം’ സിനിമയിലെ ജഗതിയുടെ രംഗം ഓര്‍മ്മിപ്പിക്കുന്ന സംഭവം ഉണ്ടായത് തായ്‌ലന്റില്‍ ആയിരുന്നു. തായ്‌ലന്റുകാരനായ സൈനികന്റെ വീട്ടിലെ ലാബ്രഡോര്‍ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട നായയായിരുന്നു ഇങ്ങിനെ ചെയ്തത്.

ജനുവരി 2 ന് വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ ഉഡോണ്‍ താനി പ്രവിശ്യയിലെ വീട്ടിലിരുന്ന് സ്ഫോടക വസ്തു കൈവശം വച്ചു കളിക്കുന്ന നിലയില്‍ തന്റെ നാല് വയസ്സുള്ള മകനെ തായ് സൈനികന്‍ കണ്ടെത്തുകയായിരുന്നു. എവിടെ നിന്നാണ് ഇത് കിട്ടിയതെന്ന് ചോദിച്ചെങ്കിലും പയ്യന്‍ മിണ്ടിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുറ്റക്കാരന്‍ താന്‍ തന്നെ വളര്‍ത്തിയ നായയാണെന്ന് സൈനികന് മനസ്സിലായത്.

അവരുടെ പൂന്തോട്ടത്തില്‍ നിന്നും ലാബ്രഡോര്‍-ഗോള്‍ഡന്‍ റിട്രീവര്‍ മിശ്രിത നായയായ ലാറ്റെ കൊണ്ടുവന്നതായി തെളിഞ്ഞു. വീടിന് കാവലിരിക്കാനും മകനോടൊപ്പം കളിക്കാനുമാണ് കുട്ടിയുടെ പിതാവ്, സര്‍ജന്റ് മേജര്‍ ജിറ്റാകോണ്‍ തലങ്ജിത് ലാറ്റെയെ വളര്‍ത്തിയത്്. തുടര്‍ന്ന് നിരന്തരം പന്തുകള്‍ എറിഞ്ഞ് വീട്ടിലേക്ക് എടുത്തുകൊണ്ടുവരാന്‍ പരിശീലിപ്പിക്കുകയും ചെയ്തു.

ഇതോടെ ഇപ്പോള്‍ വൃത്താകൃതിയിലുള്ള എന്തു വസ്തുക്കളുമായി കളിക്കാന്‍ നായ ഇഷ്ടപ്പെടുകയാണ്. അതേസമയം കറുത്ത ടേപ്പില്‍ പൊതിഞ്ഞ മുഷ്ടി വലിപ്പമുള്ള സ്ഫോടകവസ്തു നാടന്‍ബോംബാണെന്ന് തെളിഞ്ഞിട്ടുണ്ട്. പരിസരവാസികളായ കൗമാരക്കാര്‍ ഉത്സവങ്ങള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമായി വീട്ടില്‍ ഉണ്ടാക്കിയതാണെന്നാണ് റിപ്പോര്‍ട്ട്.

പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നും ഭയന്ന് യുവാക്കള്‍ അത് ചെക്ക്പോസ്റ്റുകള്‍ക്ക് സമീപം റോഡരികില്‍ ഉപേക്ഷിച്ചു. അതാണ് ലാറ്റെ പോയി എടുത്തുകൊണ്ടുവന്നത്. ഈ ഉപകരണം യഥാര്‍ത്ഥ ബോംബിന്റെ അത്ര ശക്തമല്ലെന്നും എന്നാല്‍ കൊല്ലാനും അംഗഭംഗം വരുത്താനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്. സംശയാസ്പദമായ ഉപകരണം തിരിച്ചറിഞ്ഞ പിതാവ് ഉടന്‍ തന്നെ അത് ഉണങ്ങിയ പുല്ല് നിറച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ ഇട്ടു, സുരക്ഷയ്ക്കായി റബ്ബര്‍ ടയര്‍ കൊണ്ട് പൊതിഞ്ഞു. പോലീസും ബോംബ് നിര്‍വ്വഹണ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. അതേസമയം മകന് ഒന്നും സംഭവിക്കാതിരുന്നതില്‍ ആശ്വാസം കൊള്ളുകയാണ് സൈനികന്‍.