Lifestyle

മൈക്രോവേവ് ഓവന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കുക

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ ഏറ്റവും കൂടുതല്‍ സഹായകമാകുന്ന ഒന്നാണ് മൈക്രോവേവ് ഓവന്‍. വീട്ടമ്മമാരുടെ ജോലികള്‍ വേഗത്തിലാക്കാന്‍ ഇത് സഹായിക്കാറുണ്ട്. മൈക്രോവേവ് ഓവന്‍ പാചകം കൂടുതല്‍ എളുപ്പമാക്കാന്‍ സഹായിക്കുന്നുണ്ട്. മുന്‍പേ ഉണ്ടാക്കി വച്ച ഭക്ഷണം കഴിക്കും മുന്‍പേ ഒന്നോ രണ്ടോ മിനിറ്റില്‍ ചൂടാക്കി ഫ്രഷ് ആക്കി തരുന്നു എന്നതാണ് ഇതിന്റെ പ്രധാന മേന്മകളില്‍ ഒന്ന്. ഓവന്‍ ശരിയായി ഉപയോഗിക്കാനും പരിപാലിക്കാനും വളരെ ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു….

  • ഓവര്‍ലോഡ് ചെയ്യരുത് – സ്ഥിരമായി വരുത്തുന്ന മറ്റൊരു തെറ്റാണ് ഓവനില്‍ ഓവര്‍ലോഡായി ഭക്ഷണം വയ്ക്കുന്നത്. കുറച്ചധികം ഭക്ഷണം ചൂടാക്കി എടുക്കാനുണ്ടെങ്കില്‍ നമ്മളില്‍ പലരും ശ്രദ്ധിക്കാതെ ചെയ്യുന്ന ഒരു തെറ്റാണ് അത് മുഴുവനായി എടുത്ത് ഓവനിലേക്ക് വയ്ക്കുക എന്നുള്ളത്. ഇനി അങ്ങനെ ചെയ്യുന്നതിന് പകരം കുറച്ചു കുറച്ചായി ചൂടാക്കി എടുക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കില്‍ ഭക്ഷണം എല്ലായിടത്തും ഒരുപോലെ പാകമാകാതെ വരും.
  • ഭക്ഷണം മൂടി വയ്ക്കാന്‍ മറക്കരുത് – ഓവനില്‍ ഭക്ഷണം പാകം ചെയ്യുന്നതിനായി വയ്ക്കുമ്പോള്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് അടച്ചു വയ്ക്കുക എന്നുള്ളത്. അടച്ചുവയ്ക്കാതെ ഇരുന്നാല്‍ നമ്മള്‍ പാകം ചെയ്യുന്ന ഭക്ഷണം കരിയാനോ ഡ്രൈ ആകാനോ ഇടയാകും. അതുകൊണ്ട് ഇനി മൈക്രോവേവില്‍ വിഭവങ്ങള്‍ എടുത്തു വയ്ക്കുമ്പോള്‍ അടച്ചുവയ്ക്കാന്‍ മറക്കരുത്. അടപ്പ് മുറുക്കി അടയ്ക്കരുത്.
  • ഇടയ്ക്ക് ഇളക്കുന്നത് നല്ലതാണ് – ഓവനില്‍ വച്ച് ഭക്ഷണം ചൂടാക്കി പുറത്തേക്ക് എടുത്തു കഴിയുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ചില ഭാഗങ്ങളിലേക്ക് ചൂട് എത്തിയിട്ടുണ്ടാകില്ല എന്ന കാര്യം. ഇതിന്റെ പ്രധാന കാരണം ഇളക്കി കൊടുക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് ഭക്ഷണം ഓവനില്‍ വച്ച് പാകം ചെയ്യുമ്പോള്‍ ഇടയ്ക്ക് ഇടവേളകള്‍ എടുത്ത് ഇളക്കിക്കൊടുക്കാന്‍ ശ്രമിക്കണം. അങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തേക്കും ചൂട് എത്തുകയും പൂര്‍ണമായും പാകം ചെയ്തു കിട്ടുകയും ചെയ്യും.
  • മുഴുവന്‍ പവറും വേണ്ട – ചില സമയത്ത് ഭക്ഷണം ചൂടാക്കി എടുക്കുന്നതിനോ മുട്ട, ചോക്ലേറ്റ് ,ബട്ടര്‍ മുതലായവ ഒക്കെ ചൂടാക്കിയെടുക്കാനും മറ്റും ഫുള്‍ പവര്‍ ഉപയോഗിക്കാറുണ്ട്. സത്യത്തില്‍ അവയ്‌ക്കൊന്നും അത്രയും ചൂട് ആവശ്യമില്ലെന്നാണ് പറയുന്നത്. മത്സ്യ-മാംസാദികള്‍ ഡിഫ്രോസ്റ്റ് ചെയ്യുമ്പോള്‍ പോലും കുറഞ്ഞ പവര്‍ ഉപയോഗിക്കുക. ഓരോ പ്രാവശ്യം ഓവന്‍ ഉപയോഗിക്കുമ്പോള്‍ ഹീറ്റ് പവര്‍ സെറ്റ് ചെയ്യാന്‍ ശ്രമിക്കണം.
  • പ്ലാസ്റ്റിക് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കരുത് – ജോലി എളുപ്പമാക്കാന്‍ നമ്മളില്‍ പലരും ചെയ്യുന്ന ഒരു കാര്യമായിരിക്കും ഓവനില്‍ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എല്ലാ പ്ലേറ്റുകളും പാത്രങ്ങളും മൈക്രോവേവ് സൗഹൃദമല്ലെന്ന് ഓര്‍ക്കുക. ഇനി പ്ലാസ്റ്റിക് പാത്രം തന്നെയാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് മൈക്രോവേവ് ഓവനില്‍ ഉപയോഗിക്കാവുന്നതാണ് എന്ന് നോക്കി ഉറപ്പുവരുത്തിയതിനുശേഷം മാത്രം ചെയ്യുക. കാരണം ഭക്ഷണത്തോടൊപ്പം ചൂടാക്കുമ്പോള്‍ ചില പ്ലാസ്റ്റിക്കുകള്‍ ഉരുകുകയും ദോഷകരമായ രാസവസ്തുക്കള്‍ പുറത്തുവിടുകയും ചെയ്യും. ലോഹ പാത്രങ്ങള്‍ പോലും മൈക്രോവേവില്‍ പാടില്ലയെന്നാണ് പറയുന്നത്. അടുക്കളയിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗ്ലാസ്, സെറാമിക് അല്ലെങ്കില്‍ മൈക്രോവേവ് സൗഹൃദ പാത്രങ്ങള്‍ ഉപയോഗിക്കുന്നത് ഉറപ്പാക്കുക.