യോഗയുടെ ജന്മഭൂമിയാണ് ഇന്ത്യ. പല വിദേശികളെയും ഇന്ത്യയിലേക്ക് ആകർഷിക്കുന്നത് തന്നെ യോഗയും ഇന്ത്യയുടെ പ്രകൃതിസൗന്ദര്യവും ഭൂപ്രകൃതിയും ഒക്കെയാണ്. യോഗയുടെ കാര്യത്തിലാണെങ്കില്‍ ഇന്ത്യയെ വെല്ലാൻ മറ്റൊരു രാജ്യമില്ല. എന്നാൽ ചില സമയങ്ങളിൽ ചിലർ വരുമ്പോൾ ചരിത്രം വഴിമാറും എന്ന് പറയുന്നത് കേട്ടിട്ടില്ലേ. അത്തരമൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചരിത്രത്തിലാദ്യമായി ഏഷ്യൻ യോഗ സ്‌പോർട്‌സ് ഫെഡറേഷന്റെ ബോർഡ് അംഗമായി സൗദി അറേബ്യയിലെ രാജകുമാരി മഷാൽ ബിൻത് ഫൈസൽ അൽ സൗദ് നിയമിതയായി.
ഏഷ്യൻ യോഗ സ്‌പോർട്‌സ് ഫെഡറേഷനിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് രാജകുമാരി മഷാൽ പങ്കെടുക്കും. ഇതിനുപുറമെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട സമിതിയുടെ പ്രസിഡന്റ് സ്ഥാനവും വഹിക്കും. സൗദി യോഗ കമ്മിറ്റി ഉൾപ്പെടെ നിരവധി ഇന്ത്യക്കാരും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മഷാൽ രാജകുമാരിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ യോഗാസന സ്‌പോർട്‌സ് ഫെഡറേഷൻ്റെ (AYSF) ബോർഡ് മെമ്പറായും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ സമിതിയുടെ പ്രസിഡന്റായും നിയമിക്കപ്പെട്ട രാജകുമാരി മഷേൽ ബിന്റ് ഫൈസൽ അൽ സൗദിന് സൗദി യോഗ കമ്മിറ്റി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. കായികരംഗത്ത് സ്ത്രീകളുടെയും കുട്ടികളുടെയും പങ്ക് മുന്നോട്ട് കൊണ്ടുപോകുന്നതിലും അത്‌ലറ്റിക് സമൂഹത്തിൽ സുരക്ഷയുടെയും ശാക്തീകരണത്തിൻ്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ഹെർ ഹൈനസിന് എല്ലാ വിജയങ്ങളും നേരുന്നു, ”സൗദി യോഗ കമ്മിറ്റി ട്വീറ്റ് ചെയ്തു.