Oddly News

പന്തിന്റെ ആകൃതിയിലുള്ള അവശിഷ്ടം ഭീതി പരത്തുന്നു ; ഓസ്‌ട്രേലിയയില്‍ ഒഴിപ്പിച്ചത് ഒമ്പത് ബീച്ചുകള്‍

കഴിഞ്ഞ വര്‍ഷം സിഡ്നിയുടെ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ കണ്ടെത്തിയ നിഗൂഢമായ പന്തിന്റെ ആകൃതിയിലുള്ള അവശിഷ്ടങ്ങള്‍ വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഒമ്പത് ബീച്ചുകള്‍ അടച്ചു. മാന്‍ലി, ഡീ വൈ, ലോംഗ് റീഫ്, ക്വീന്‍സ്‌ക്ലിഫ്, ഫ്രഷ് വാട്ടര്‍, നോര്‍ത്ത് ആന്‍ഡ് സൗത്ത് കര്‍ള്‍ കര്‍ള്‍, നോര്‍ത്ത് സ്റ്റെയ്ന്‍, നോര്‍ത്ത് നരാബീന്‍ എന്നീ ബീച്ചുകളിലാണ് പന്ത് കണ്ടെത്തിയത്.

വിപുലമായ പരിശോധനയില്‍ ഫാറ്റി ആസിഡുകള്‍, പെട്രോളിയം ഹൈഡ്രോകാര്‍ബണുകള്‍, മുടി, ഭക്ഷണ മാലിന്യങ്ങള്‍, മലിനജലവുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കള്‍ എന്നിവയുടെ സംയോജനത്തില്‍ നിര്‍മ്മിച്ചതാണ് ഈ ബോളുകളെന്ന് കണ്ടെത്തിയിട്ടുണ്ട്. കിഴക്കന്‍ പ്രദേശങ്ങളില്‍ കണ്ടെത്തിയ പന്തുകള്‍ക്ക് കറുപ്പ് നിറമായിരുന്നെങ്കില്‍ വടക്കന്‍ ബീച്ചുകളില്‍ കാണപ്പെടുന്ന പന്തുകള്‍ വെള്ളയും ചാരനിറവുമാണ്.

ഇപിഎ വഴി അവശിഷ്ടങ്ങളെക്കുറിച്ച് കൗണ്‍സിലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ സംസ്ഥാന ഏജന്‍സിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നന്നതായൂം നോര്‍ത്തേണ്‍ ബീച്ചസ് കൗണ്‍സില്‍ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബോണ്ടി മുതല്‍ ലിറ്റില്‍ ബേ വരെയുള്ള മിക്കവാറും എല്ലാ കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലും പന്തുകള്‍ ഒഴുകിയിരുന്നു.

നവംബറില്‍ കിയാമ പ്രദേശത്തും പന്തുകള്‍ കണ്ടെത്തി, ഡിസംബറില്‍, മിസ്റ്ററി ബേയിലെ 1080 ബീച്ചും പൂള്‍സ് ബീച്ചും ഉള്‍പ്പെടെ സൗത്ത് കോസ്റ്റില്‍ സമാനമായ പന്തുകള്‍ കണ്ടെത്തി. കിഴക്കന്‍ പ്രാന്തപ്രദേശങ്ങളിലെ പന്തുകളുടെ ഉത്ഭവം നിര്‍ണ്ണയിക്കാന്‍ ഇപിഎ യ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ അവയുടെ ഉത്ഭവം ‘സമ്മിശ്ര മാലിന്യങ്ങള്‍ പുറത്തുവിടുന്ന’ ഒരു ഉറവിടമാണെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *