ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്‌റ്റോ സുരേഷ്. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ സുപരിചിതനായ സുരേഷ് തമ്പാനൂരിന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടങ്ങളിൽ നിന്നാണ്. അഞ്ചു സഹോദരിമാരുടെ ഒരേയൊരു സഹോദരനായിരുന്നു സുരേഷ്. കുട്ടിക്കാലം തൊട്ടേ പാട്ടിനോടു കമ്പമുണ്ടായിരുന്നു.
ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് അരിസ്റ്റോ സുരേഷ്. തന്റെ ആദ്യ ചിത്രത്തിലെ ജനപ്രിയ ഗാനം ‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന പാടിയും താരം പ്രേക്ഷകരുടെ പ്രിയ താരമായി മാറി. ആക്ഷന്‍ ഹീറോ ബിജുവിലെ പാട്ടും അഭിനയവും ക്ലിക്കായതോടെയാണ് അരിസ്‌റ്റോ സുരേഷിന്റെ ജീവിതവും മാറിമറിഞ്ഞത്. പാടാന്‍ മാത്രമല്ല പാട്ടെഴുതാനും ട്യൂണ്‍ ചെയ്യാനുമെല്ലാമുള്ള കഴിവുമുണ്ട് അദ്ദേഹത്തിന്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളിക്ക് സുരേഷ് ചിരപരിചിതനായി. ജനപ്രിയ ടെലിവിഷൻ പരിപാടിയായ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായും അരിസ്റ്റോ സുരേഷ് എത്തിയിരുന്നു.
അരിസ്റ്റോ സുരേഷ് ആദ്യമായി നായകനാവുന്ന ചിത്രമാണ് ‘മിസ്റ്റർ ബംഗാളി’. ബംഗാളിയായിട്ടാണ് അരിസ്റ്റോ അതില്‍ അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷിനൊപ്പം യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം ഇതില്‍ കൈകാര്യം ചെയ്യുന്നുണ്ട്. മമ്മൂട്ടി ഫാൻ ആയ വ്യക്തി കൂടിയാണ് കഥാനായകൻ.
ഇപ്പോഴിതാ താന്‍ അഭിനയിച്ച മിസ്റ്റര്‍ ബംഗാളി സിനിമയിലെ ഒരു സീനിനെക്കുറിച്ച് പറയുകയാണ് അരിസ്റ്റോ സുരേഷ്. സുരേഷേട്ടനെ എങ്ങനെയുള്ള സ്വീകാര്യതയാണ് ബിഗ് സ്ക്രീനില്‍ കിട്ടിയത്, മാറ്റി നിര്‍ത്തപ്പെടേണ്ട സാഹചര്യങ്ങള്‍ സിനിമയ്ക്കുള്ളില്‍ ഉണ്ടായിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് അരിസ്റ്റോ സുരേഷ് മറുപടി നല്‍കിയത്.
‘‘ഇല്ല. ഒരിക്കലും ആരും മാറ്റി നിര്‍ത്തിയിട്ടില്ല. നല്ല സ്വീകാര്യതയാണ് കിട്ടിയിട്ടുള്ളത്. സംവിധായകന്‍ പറയുന്നതിനനുസരിച്ച് എല്ലാക്കാര്യങ്ങളും ഞാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ ചെയ്ത ഒരു ബംഗാളി സിനിമയുണ്ട്. അതില്‍ തറയില്‍ ഭക്ഷണമിട്ടു കൊടുക്കും ബംഗാളിക്ക്. ഇയാള്‍ ജോലി ചെയ്യുന്ന ഹോട്ടലിലെ ക്യാഷര്‍. ഭക്ഷണമിട്ടു തരേണ്ട ഫ്ലോര്‍ ആര്‍ട്ട് ഡയറക്ടര്‍ ആദ്യം വന്ന് നന്നായി തുടച്ചു. പിന്നെയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ഷോട്ട് എടുത്തത്. അപ്പോഴേക്കും പിന്നെയും ഒരുപാട് ആളുകള്‍ അതുവഴി പോയി. ഞാനതിന്റെ ഡയറക്ടര്‍ ജോബി വയലുങ്കലിനോട് അത് ഒന്നു കൂടി വൃത്തിയാക്കണമെന്ന് പറഞ്ഞു. അദ്ദേഹം അപ്പോള്‍ ആര്‍ട്ട് ഡയറക്ടറെ അവിടെയൊക്കെ നോക്കി, കണ്ടില്ല. അപ്പോഴേക്കും ഡേ ലൈറ്റ് പോകാറായി. ഷോട്ട് ആ സമയം ചെയ്തേ പറ്റൂ എന്ന അവസ്ഥയായി. ഡയറക്ടര്‍ കൈ കൊണ്ടൊക്കെ അവിടെ തൂത്തൂ എന്ന് തോന്നുന്നു. എന്നിട്ട് ഞാന്‍ ആ ഷോട്ട് എടുത്തു. സത്യത്തില്‍ നല്ല സങ്കടമുണ്ടായിരുന്നു ആ സീന്‍ ചെയ്തപ്പോള്‍. നമ്മള്‍ പണ്ടും തറയില്‍ നിന്ന് ഭക്ഷണം എടുത്ത് കഴിച്ചിട്ടുണ്ട്. ഇതിപ്പോള്‍ ഒരു സിനിമയ്ക്കും ഡയറക്ടര്‍ക്കും അത് ആവശ്യമായി വന്നപ്പോള്‍ ആര്‍ട്ടിസ്റ്റ് അത് ചെയ്യേണ്ടതാണെന്ന് പഠിച്ചിട്ടുണ്ട്. ഞാനതു കൊണ്ട് ചെയ്തു. അതിന്റെ സീക്വന്‍സ് സിനിമ കാണുമ്പോഴേ മനസ്സിലാകൂ….’’ അരിസ്റ്റോ സുരേഷ് പറയുന്നു.