Crime

ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി അയോധ്യയിലെ രാമക്ഷേത്രത്തില്‍ എത്തി ; ഗുജറാത്തി ബിസിനസുകാരന്‍ പിടിയില്‍

ക്യാമറ ഘടിപ്പിച്ച കണ്ണാടിയുമായി അയോധ്യയിലെ രാമക്ഷേത്രം സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന ആരോപണത്തില്‍ ഗുജറാത്തി യുവാവ് അറസ്റ്റില്‍. വഡോദര സ്വദേശിയായ ജാനി ജയ്കുമാറാണ് പിടിയിലായത്. ഇയാളുടെ കൂളിംഗ്ഗ്ളാസില്‍ നിന്ന് പ്രകാശം മിന്നുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അയോധ്യ രാമക്ഷേത്രത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്നും സന്ദര്‍ശകരെയും ഭക്തരെയും നിരോധിച്ചിട്ടുണ്ട്. മതപരമായ സ്ഥലത്ത് ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ഏര്‍പ്പെടുത്തിയ നിരോധനം ലംഘിച്ചതിനാണ് ഇയാളെ പിടികൂടിയത്. പ്രതി ക്ഷേത്ര സമുച്ചയത്തിലെ സിംഗ്ദ്വാറിന് സമീപം നില്‍ക്കുമ്പോഴായിരുന്നു ഗ്ലാസില്‍ നിന്ന് പ്രകാശം മിന്നുന്നത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടത്.

എസ്പി (സെക്യൂരിറ്റി) ബല്‍രാമചാരി ദുബെ പറയുന്നതനുസരിച്ച്, ഏകദേശം 50,000 രൂപ വിലമതിക്കുന്ന കണ്ണടയ്ക്ക്് ഇരുവശത്തും ചിത്രങ്ങള്‍ പകര്‍ത്താനുള്ള ബട്ടണുള്ള ക്യാമറ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. ലൈറ്റ് മിന്നുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കണ്ണടയില്‍ ക്യാമറയുണ്ടെന്ന കാര്യം സുരക്ഷാ ജീവനക്കാര്‍ കണ്ടെത്തിയത്.

സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥന്‍ അനുരാഗ് ബാജ്പേയ് ആണ് ജാനി ജയ്കുമാറിനെ പിടികൂടിയത്. ഇയാളെ അധികൃതര്‍ ചോദ്യം ചെയ്തുവരികയാണ്. ബിസിനസുകാരനാണ് ജാനി ജെയ്കുമാര്‍. ഇയാളുടെ ലക്ഷ്യത്തിന് പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കുന്നത്. കടുത്ത പരിശോധനകളുള്ള രാമജന്മഭൂമി പാതയിലെ നിരവധി ചെക്ക്‌പോസ്റ്റുകള്‍ ഇയാള്‍ക്ക് എങ്ങിനെ കടക്കാനായി എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം.