ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു ദക്ഷിണകൊറിയയില്‍ ഡിസംബര്‍ 29 ന് 181 പേര്‍ ഉള്‍പ്പെട്ട വിമാനദുരന്തം ഉണ്ടായത്. ലാന്‍ഡിംഗ് ഗീയര്‍ ചതിച്ചായിരുന്നു അപകടമെന്നാണ് ഇതിനെക്കുറിച്ച് ആദ്യം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് ലോകത്തുടനീളം ആരാധകരുള്ള ദക്ഷിണകൊറിയന്‍ പോപ്പ സംഗീതഗ്രൂപ്പ് ബിടിഎസ്. അപകടത്തില്‍ ജീവന്‍ നഷ്ടമായ 179 യാത്രക്കാരുടെ കുടുംബങ്ങള്‍ക്കായി ബിടിഎസിന്റെ ജെ ഹോപ്പ് 100 ദശലക്ഷം ദക്ഷിണകൊറിയന്‍ വോണ്‍ (ഏകദേശം 58 ലക്ഷം രൂപ) നല്‍കും.
ദക്ഷിണകൊറിയയിലെ നിര്‍ബ്ബന്ധിത സൈനിക സേവനത്തിന് വിധേയനായ ജെ ഹോപ്പ് അടുത്തിടെയാണ് സൈനിക സേവനത്തിന് ശേഷം മടങ്ങിവന്നത്. മുവാന്‍ വിമാനത്താവളത്തില്‍ ഉണ്ടായ ജെജു വിമാനദുരന്തത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ജെ ഹോപ്പിന്റെ സാന്ത്വനം ഉടന്‍ എത്തും. ഹോപ്പ് ബ്രിഡ്ജ് നാഷണല്‍ ഡിസാസ്റ്റര്‍ റിലീഫ് അസോസിയേഷന്‍ വഴിയായിരിക്കും അടിയന്തിരമായുള്ള ജെ ഹോപ്പിന്റെ കാരുണ്യം തേടി വരിക. ഉറ്റവരെയും ഉടയവരെയും വിമാനദുരന്തത്തില്‍ നഷ്ടമായവര്‍ക്ക് നഷ്ടമായതൊന്നും പകരം നല്‍കാനാകില്ലെന്നും ലോകോത്തര പാട്ടുകാരന്റെ കനിവാര്‍ന്ന ഹൃദയം അവര്‍ക്ക് ചെറിയ സാന്ത്വനമാകുമെന്നാണ് കരുതുന്നത്.
‘ചിന്തിക്കാനും സഹിക്കാനും കഴിയാത്ത വേദനയില്‍ കഴിയുന്നവര്‍ക്കൊപ്പമാണ് എന്റെ ഹൃദയമിപ്പോള്‍’ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ജെ ഹോപ്പ് കുറിച്ചു. ഡിസംബര്‍ 29 ന് രാവിലെ ഒമ്പത് മണിയോടെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 181 യാത്രക്കാരുമായി റണ്‍വേയില്‍ തൊട്ട ജേജു എയറിന്റെ ബി737 – 800 വിമാനം ലാന്റിംഗ് ഗീയറിന്റെ തകരാര്‍ മൂലം വിമാനത്താവളത്തിലെ ഒരു കോണ്‍ക്രീറ്റ്ഭിത്തിയില്‍ ഇടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു വിമാനജീവനക്കാര്‍ മാത്രമാണ് രക്ഷപ്പെട്ടത്.