Oddly News

9.5 കോടിയുടെ റോൾസ് റോയ്സ് തല്ലിതകർക്കുന്നത് കാണണോ? ഇൻഫ്ലുവൻസർക്കെതിരെ രൂക്ഷവിമര്‍ശനം- വീഡിയോ

സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്ന ഒരു വീഡിയോയാണ് വാഹനപ്രേമികളെയൊക്കെ ഞെട്ടിച്ചിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനായി ആഡംബര റോള്‍സ് റോയ്സ് കാര്‍ തല്ലി തകര്‍ക്കുന്നതാണ് കാണാന്‍ സാധിയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികളായ ജമാലീസ് ബെനെറ്റിസ് സ്മിത്ത്, വിസിലിന്‍ ഡീസലുമാണ് നിഷ്‌കരുണം ഈ ആഡംബര കാര്‍ തല്ലി തകര്‍ത്തത്.

റോള്‍സ് റോയ്സിന്റെ ഫാന്റമാണ് ഇരുവരും ചേര്‍ന്ന് തല്ലി പൊളിക്കുന്നത്. ഈ വാഹനത്തിനു ഇന്ത്യയില്‍ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 9.5 കോടി രൂപ മുതലാണ്. റോള്‍സ് റോയ്സ് ശ്രേണിയിലെ ഏറ്റവും സൈലന്റ് കുറഞ്ഞ കാറെന്ന പെരുമ പേറുന്ന ഫാന്റത്തിന് കരുത്തേകുന്നത് 6.75 ലീറ്റര്‍, വി 12, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. 571 ബി എച്ച് പി വരെയാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്ന പരമാവധി കരുത്ത്. പരമാവധി ടോര്‍ക്കാവട്ടെ 900 എന്‍എം വരെയും. മണിക്കൂറില്‍ 250 കിലോമീറ്ററാണു കാറിന്റെ പരമാവധി വേഗം.

കോടികള്‍ വിലയുള്ള വാഹനം അത്തരത്തില്‍ യാതൊരു പരിഗണനയുമില്ലാതെയാണ് തല്ലി തകര്‍ക്കുന്നത്. ഇരുവരും ചേര്‍ന്ന് കമ്പിപ്പാര ഉപയോഗിച്ച് ഗ്രില്ലില്‍ ഉരസുകയും ബ്രാന്‍ഡിന്റെ ലോഗോ ഇളക്കിയെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണുവാന്‍ കഴിയും. ഇത്തരത്തില്‍ ഓരോ പ്രവര്‍ത്തിക്കു ശേഷം റോള്‍സ് റോയ്‌സ് എന്ന് പുച്ഛത്തോടെ പറയുകയും ചെയ്യുന്നുണ്ട്. റോള്‍സ് റോയ്സിന്റെ സ്പിരിറ്റ് ഓഫ് എക്സ്റ്റസി കൈകള്‍ ഉപയോഗിച്ച് പറിച്ചെടുക്കയും കാറിന്റെ ബോണറ്റില്‍ നിന്നും ഉയര്‍ന്നു ചാടിയും റിയര്‍ വ്യൂ മിറര്‍ വലിച്ചൂരി നശിപ്പിയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഇത്രയും വിലയുള്ള വാഹനം നിഷ്‌കരുണം തല്ലി തകര്‍ക്കുന്നതില്‍ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണുള്ളത്.