Featured Oddly News

നാലാംവിവാഹം കഴിച്ചത് മകന്റെ കാമുകിയെ; പ്രണയബന്ധങ്ങള്‍ക്കും അഴിമതിക്കും വധശിക്ഷ കിട്ടിയ ബാങ്കര്‍

പ്രണയബന്ധങ്ങള്‍ക്കും അഴിമതിക്കും കുപ്രസിദ്ധി നേടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ചൈനീസ് ബാങ്കര്‍. ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനായ ലിയു ലിയാന്‍ജിയാണ് അഴിമതിയുടെയും പ്രണയബന്ധത്തിന്റെയും പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. നാലു തവണ വിവാഹിതനായ ഇയാള്‍ അവസാനം വിവാഹം കഴിച്ചതാകട്ടെ തന്റെ സ്വന്തം മകന്റെ മൂന്‍ കാമുകിയെയായിരുന്നു. തുടര്‍ന്ന് മകന്‍ വിഷാദരോഗിയായി.

പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സെന്‍ട്രല്‍ ബാങ്കിലും എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. 2019-ല്‍ ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനായി സ്ഥാനക്കയറ്റം ലഭിച്ചു. ഒന്നിലധികം വിവാഹങ്ങള്‍ക്കും നിരവധി വിവാഹേതര ബന്ധങ്ങള്‍ക്കും ലീ വിമര്‍ശിക്കപ്പെട്ടിരുന്നു. തന്റെ ഭരണകാലത്ത് ലിയു തന്റെ ഓഫീസിലേക്ക് കീഴുദ്യോഗസ്ഥരായ സ്ത്രീകളെ ഇടയ്ക്കിടെ വിളിച്ചുവരുത്തിയിരുന്നതായി ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

ഇടയ്ക്കിടെ പങ്കാളികളെ മാറ്റി രസിച്ചിരുന്ന ഇയാള്‍ അവസാനം മകന്റെ കാമുകിയെയാണ് സ്വന്തമാക്കിയത്. പ്രണയകാലത്ത് മകന്‍ കാമുകിയെ കുടുംബത്തിന് പരിചയപ്പെടുത്തുകയും വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിക്കുയും ചെയ്‌തെങ്കിലും ലിയു ബന്ധം നിരസിച്ചു. കുടുംബ പശ്ചാത്തലത്തിന് അനുയോജ്യയല്ല എന്നായിരുന്നു കാരണം പറഞ്ഞത്. പ്രണയം അവസാനിപ്പിക്കാന്‍ മകനെ നിര്‍ബന്ധിക്കുകയും ചെയ്തു. മകനെയും കാമുകിയെയും വേര്‍പിരിക്കുകയും ചെയ്തു. എന്നാല്‍ ആറുമാസത്തിനുശേഷം പിതാവ് മുന്‍ കാമുകിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോള്‍ മകന്‍ ഞെട്ടിപ്പോയി.

1961-ല്‍ വടക്കുകിഴക്കന്‍ ചൈനയിലെ ജിലിന്‍ പ്രവിശ്യയിലെ യോങ്ജിയില്‍ ഉന്നത കുടുംബത്തിലാണ് ജനിച്ചത്. ഉയര്‍ന്ന നിലയില്‍ വിദ്യാഭ്യാസം നേടിയ ലിയു പിന്നീട് ജിലിന്‍ യൂണിവേഴ്സിറ്റി ഓഫ് ഫിനാന്‍സ് ആന്‍ഡ് ഇക്കണോമിക്സില്‍ പ്രവേശനം നേടി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളില്‍ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍മാനായി നിയമിക്കപ്പെട്ടതോടെ അദ്ദേഹം പൊതുശ്രദ്ധ ആകര്‍ഷിച്ചു. ലിയുവിന്റെ ദ്രുതഗതിയിലുള്ള ഉയര്‍ച്ചയ്ക്ക് സഹായകമായത് ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകളായ അദ്ദേഹത്തിന്റെ ആദ്യഭാര്യയാണ്. സ്ഥാനമാനങ്ങള്‍ കൈവരിച്ചതിന് ശേഷം അയാള്‍ ഇവരില്‍നിന്ന് വിവാഹമോചനം നേടി. ശേഷം ഉദ്യോഗസ്ഥന്റെ ഭാര്യയെ വിവാഹം കഴിച്ചു. അവരില്‍നിന്നും പിന്നീട് വിവാഹമോചനം നേടി.

അപ്രതീക്ഷിതമായിരുന്നു ലിയുവിന്റെ വീഴ്ച. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും കൈക്കൂലി വാങ്ങിയതിനും കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു. നവംബര്‍ 26-ന്, ഷാന്‍ഡോംഗ് പ്രവിശ്യയിലെ ജിനാന്‍ ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി ലിയു് 121 ദശലക്ഷം യുവാന്‍ (17 ദശലക്ഷം യുഎസ് ഡോളര്‍) കൈക്കൂലി വാങ്ങുകയും 3.32 ബില്യണ്‍ യുവാന്‍ (യുഎസ് 450 മില്യണ്‍ ഡോളര്‍) അനധികൃതമായി വായ്പ നല്‍കുകയും ചെയ്തതിന് വധശിക്ഷ വിധിച്ചു. ഇയാളുടെ അനധികൃത സമ്പാദ്യങ്ങളെല്ലാം കണ്ടുകെട്ടി.

Leave a Reply

Your email address will not be published. Required fields are marked *