സര്‍ക്കാര്‍ പദ്ധതികള്‍ വിവിധരീതിയില്‍ തട്ടിയെടുക്കുന്നതിന്റെ ഒരു ഉദാഹരണമായി മാറുകയാണ് ബോളിവുഡിലെ മാദകത്തിടമ്പ് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട്തട്ടിപ്പ്. സര്‍ക്കാരില്‍ നിന്നും എല്ലാ മാസവും 1000 രൂപ വീതം പോയിരുന്ന അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്കായിരുന്നു. സണ്ണിലിയോണിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്നയാള്‍ മാസങ്ങളോളമാണ് സര്‍ക്കാരിന്റെ തുക കൈപ്പറ്റിയത്.
ബിജെപി സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജനയ്ക്ക് കീഴിലാണ് ധനസഹായം. ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്നു. വീരേന്ദ്ര ജോഷി എന്നയാളുടേതായിരുന്നു സണ്ണിലിയോണിന്റെ പേരിലുള്ള അക്കൗണ്ട്. തുടര്‍ നടപടികള്‍ക്കായി ഇയാള്‍ക്കെതിരെ കേസെടുത്തു. പദ്ധതിയുടെ അര്‍ഹരായ ഗുണഭോക്താക്കളുടെ പരിശോധന നടത്തിയ ഉദ്യോഗസ്ഥരും ഇപ്പോള്‍ കരുങ്ങുന്ന നിലയിലാണ്. ഇവര്‍ക്കെതിരേയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയിലെ തലൂര്‍ ഗ്രാമത്തിലാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിനോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഹ്താരി വന്ദന്‍ യോജനയുടെ 50 ശതമാനത്തിലധികം ഗുണഭോക്താക്കളും വ്യാജമാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ദീപക് ബൈജ് ആരോപിച്ചു.