മാതാപിതാക്കള്‍ കുട്ടികളുടെ ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലുമൊക്കെ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് പോഷകസമ്പന്നമായ ഭക്ഷണം വേണം കഴിയ്ക്കാന്‍ കൊടുക്കേണ്ടത്. അനാരോഗ്യകരമായ ഭക്ഷണം അവര്‍ കഴിക്കുന്നത് തടയുക എന്നതാണ് മാതാപിതാക്കളുടെ വെല്ലുവിളി. ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്തുന്നതിന് ഇക്കാര്യങ്ങള്‍ ചെയ്യാം….
- നിയന്ത്രണം – ഫാസ്റ്റ് ഫുഡ് പൂര്‍ണ്ണമായും വേണ്ടെന്ന് പറയുന്നതിനു പകരം ഇടയ്ക്കിടെയുള്ള ഒരു ട്രീറ്റായി ഇത് പരിഗണിക്കുക. മാസത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ പ്രത്യേക അവസരങ്ങളിലോ എന്നതു പോലെ. ഇങ്ങനെ നിയന്ത്രണത്തോടെ കഴിച്ചു ശീലിക്കാന്‍ അവരെ പരിശീലിപ്പിക്കുക.
- മാതൃക – കുട്ടികള്‍ പലകാര്യത്തിലും മാതാപിതാക്കളെ അനുകരിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ പോഷകസമൃദ്ധവും വീട്ടില്‍ പാകം ചെയ്യുന്നതുമായ ഭക്ഷണത്തിന് പ്രാധാന്യം നല്കുന്ന നല്ല മാതൃക മാതാപിതാക്കള്‍ക്ക് നല്‍കാനാവും. നിങ്ങളെ അനുകരിക്കുന്ന അവര്‍ക്ക് ആരോഗ്യകരമായ ഭക്ഷണത്തിന്റെ പ്രധാന്യം മനസ്സിലാക്കാന്‍ സാധിക്കും.
- തിരഞ്ഞെടുക്കല്‍ – പുറത്തു നിന്നു കഴിക്കേണ്ടി വരുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണം വാഗ്ദാനം ചെയ്യുന്ന റസ്റ്ററന്റുകള്‍ തിരഞ്ഞെടുക്കുക. രുചിക്കൊപ്പം പോഷകസമ്പത്തും പരിഗണിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക. ഭക്ഷണ ശീലങ്ങളിലെ മാറ്റങ്ങള്‍ ഒരു ദിവസം കൊണ്ടു സാധിക്കുകയില്ല. ചെറുപ്പത്തില്‍ തന്നെ പരിശീലിപ്പിക്കുക. മെച്ചപ്പെട്ടതും ആരോഗ്യകരവുമായ നല്ല നാളേയ്ക്കായി കുട്ടികളെ ഇന്നു തന്നെ സജ്ജരാക്കുക.
- പഠിപ്പിക്കാം – സമീകൃതാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുകയും ഫാസ്റ്റ് ഫുഡ് ഉപഭോഗത്തിന്റെ ദോഷഫലങ്ങള്‍ വിശദീകരിക്കുകയും ചെയ്യുക. ഭക്ഷണങ്ങളുടെ പോഷകമൂല്യവും സംസ്കരിച്ച ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിന്റെ അനന്തരഫലങ്ങളും മനസ്സിലാക്കാന്‍ അവരെ സഹായിക്കുക.
- അവരെ ഉള്‍പ്പെടുത്തുക – ഭക്ഷണം തീരുമാനിക്കുന്നതിലും പാചകം ചെയ്യുന്നതിലും കുട്ടികളെ ഉള്‍പ്പെടുത്തുക. അവരുടെ നിര്‍ദ്ദേശങ്ങളും ഇഷ്ടങ്ങളും ചോദിച്ചു മനസ്സിലാക്കി അവ നടപ്പിലാക്കാന്‍ ശ്രമിക്കുക. പലചരക്ക് കടയില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും എടുക്കാനും അടുക്കളയില്‍ സഹായിക്കാനും അവരെ അനുവദിക്കുക. ഇത് അവര്‍ക്ക് അവരില്‍ ആരോഗ്യകരമായ ഭക്ഷണം ആസ്വദിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.