വനിതാക്രിക്കറ്റില്‍ ഗ്‌ളാമര്‍താരമായ സ്മൃതി മന്ദാനയ്ക്ക് ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. ബാറ്റിംഗ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ ഹൃദയം കവരുന്ന സ്മൃതി ക്രിക്കറ്റിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. വനിതാ ടി20യില്‍ 29 അര്‍ധ സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്വുമണായി സ്മൃതി മന്ദാന ഡിസംബര്‍ 17 ചൊവ്വാഴ്ച ചരിത്രം സൃഷ്ടിച്ചു.
നവി മുംബൈയിലെ ഡേം. ഡി.വൈ. പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ ചൊവ്വാഴ്ചയായിരുന്നു സ്മൃതിയുടെ പ്രകടനം. ന്യൂസിലന്‍ഡിന്റെ ഇതിഹാസ താരം സൂസി ബേറ്റ്സിന്റെ 28 അര്‍ധസെഞ്ചുറികളുടെ റെക്കോര്‍ഡാണ് സ്മൃതി തകര്‍ത്തു. ചൊവ്വാഴ്ച ഇന്ത്യയെ നയിച്ച 28 കാരി 41 പന്തില്‍ 62 റണ്‍സാണ് നേടിയത്. ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സും സ്മൃതിമന്ദന പറത്തി.
ഈ വര്‍ഷം ആദ്യം ഐസിസി വനിതാ ടി20 ലോകകപ്പ് കിരീടം നേടിയ ന്യൂസിലന്‍ഡ് ടീമിന്റെ ഭാഗമായിരുന്ന ബേറ്റ്സ് ഇതുവരെ കളിച്ച 171 ടി20കളില്‍ നിന്ന് 28 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയും നേടിയിട്ടുണ്ട്.കഴിഞ്ഞ മത്സരത്തില്‍ കണ്ടെത്തിയ മികവ് ഉള്‍പ്പെടെ ഇപ്പോള്‍ താരത്തിന്റെ പേരില്‍ 29 അര്‍ദ്ധസെഞ്ച്വറികളുണ്ട്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡും സ്മൃതി നേടിയിട്ടുണ്ട്. നിലവില്‍ 22 മത്സരങ്ങളില്‍ നിന്ന് 40.35 ശരാശരിയില്‍ 686 റണ്‍സാണ് താരം നേടിയത്.
വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ 50 റണ്‍സ് നേടിയ ബാറ്റ്സ്മാരുടെ പട്ടികയില്‍ മന്ദാനയും ബേറ്റ്സും ഓസ്ട്രേലിയന്‍ താരം ബെത്ത് മൂണി, മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റഫാനി ടെയ്ലര്‍, ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ എന്നിവരാണ് ആദ്യ അഞ്ചു സ്ഥാനങ്ങളില്‍. ഇതുവരെ കളിച്ച 106 ടി20കളില്‍ നിന്ന് മൂണി 23 അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ടെയ്ലര്‍ 22 തവണ 50 റണ്‍സ് പിന്നിട്ടു.