ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബേനില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പ്രവൃത്തി വിരമിക്കലിന്റെ സൂചനയാകുന്നോ? 10 റണ്‍സ് മാത്രം നേടി പുറത്തായ രോഹിത് മങ്ങിയ ഫോമില്‍ തുടരുമ്പോള്‍, അദ്ദേഹത്തില്‍ നിന്നുള്ള ഒരു ‘നിരാശപ്രവൃത്തി’ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കിടയില്‍ വന്‍ചര്‍ച്ചയാണ്.
27 പന്തില്‍ 10 റണ്‍ മാത്രമെടുത്ത രോഹിത് പാറ്റ് കുമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്. ഇതിന് പിന്നാലെ താരം വിരമിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഔട്ടായതിന് പിന്നാലെ രോഹിത് ഡഗ്ഔട്ടില്‍ എത്തുന്നതിന് മുമ്പു തന്നെ ഗ്ലൗസ് ഉപേക്ഷിച്ചിരുന്നു. ഡഗ്ഔട്ടിന് സമീപമുള്ള പരസ്യ ബോര്‍ഡിന് പിന്നിലായുള്ള രോഹിതിന്റെ ഗ്ലൗസുകളുടെ ചിത്രവും വീഡിയോയും സഹിതമാണു വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ സൂചനയാണെന്ന തരത്തില്‍ പോസ്റ്റുകളുണ്ടായത്.
പതിവിന് വിപരീതമായും അതേസമയം കഴിഞ്ഞ മത്സരത്തിലേത് പോലെ ആറാം നമ്പറിലുമായിരുന്നു മത്സരത്തില്‍ രോഹിത് കളിക്കാനിറങ്ങിയത്.
നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിംഗ്സിനായി ആറാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന രോഹിത് ക്രീസില്‍ ആത്മവിശ്വാസത്തോടെയായിരുന്നു നിന്നത്. ക്ഷമയോടെ മികച്ച ഒരു ഇന്നിംഗ്സിന് വേണ്ടി കാത്തിരുന്ന അദ്ദേഹം പക്ഷേ പത്തു റണ്‍സ് എടുത്തു കഴിഞ്ഞപ്പോള്‍ കമ്മിന്‍സിന്റെ ഒരു ഫുള്‍ ഡെലിവറി കാര്യങ്ങള്‍ തീരുമാനമാക്കി. ഓഫ് സ്റ്റമ്പിന് സമീപം പിച്ച് ചെയ്ത പന്ത് താരത്തിന്റെ കൈകളില്‍ തട്ടി വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയുടെ ഗ്ളൗസിലേക്ക് നീങ്ങുകയായിരുന്നു.
ഈ മാസം ജൂണില്‍ ടീമിനെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ഇന്ത്യന്‍ വെറ്ററന്‍ ബാറ്റര്‍ നേരത്തെ ടി20 ഐ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് സ്വയം വിരമിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഇന്ത്യ അവരുടെ മത്സരങ്ങള്‍ ദുബായില്‍ കളിക്കുമെന്നും ടൂര്‍ണമെന്റിന്റെ ബാക്കിയുള്ളവ പാകിസ്ഥാനില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.