Health

രാത്രിയില്‍ ജ്യൂസിന് പകരം സൂപ്പാണ് സൂപ്പര്‍ !

ഭക്ഷണം നിയന്ത്രിച്ചു ശരീര ഭാരം കുറക്കാം എന്ന് ചിന്തിക്കുന്നവര്‍ രാത്രിയില്‍ ജ്യൂസിന് പകരം സൂപ്പ് എന്ന രീതി പരീക്ഷിക്കാവുന്നതാണ്. തണുപ്പ് കാലത്ത് മികച്ച വിഭവം കൂടിയാണ് സൂപ്പ്. സൂപ്പിലൂടെ ശരീരത്തിന് ആവശ്യമായ പോഷണം ലഭിക്കുന്നു. ഇതാകട്ടെ അമിതഭാര നിയന്ത്രണത്തില്‍ പെട്ടെന്ന് ഫലമുണ്ടാക്കുന്നവയാണ്.

സൂപ്പിലെ ജലാംശം നിങ്ങളുടെ വയറിനെ സംതൃപ്തിപ്പെടുത്തും. മറ്റ് ഭക്ഷണ പദാര്‍ഥങ്ങളെ അപേക്ഷിച്ച് കലോറിയില്‍ നിന്ന് കൂടുതല്‍ സംതൃപ്തി ലഭിക്കുന്നത് സൂപ്പ് കഴിക്കുമ്പോള്‍ ആണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സലാഡുകള്‍ കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാല്‍ വയറ്റിലെ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ ആരോഗ്യം നല്‍കാന്‍ സൂപ്പാണ് കൂടുതല്‍ ഫലപ്രദം.

സംസ്‌കരിച്ച ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണത്തിന്റെ അളവില്‍ കുറവുവരുത്തി ആരോഗ്യകരമായ ഭക്ഷണ ചക്രം ഒരുക്കുന്നതിനും സൂപ്പ് നിങ്ങളെ സഹായിക്കും. ഭക്ഷണ നിയന്ത്രണത്തിന് സൂപ്പ് ശീലമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാര്യം ഉറപ്പുവരുത്തണം. സൂപ്പ് കഴിക്കുന്നതിലൂടെ നിങ്ങളുടെ വിശപ്പ് ശമിപ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കണം.

കുരുമുളക്, കറുവപട്ട, കുരുമുളക് ചേര്‍ത്ത മസാല എന്നിവയെല്ലാം സൂപ്പില്‍ ചേര്‍ക്കാം. പൊരിച്ച റൊട്ടിക്കഷ്ണം ചേര്‍ത്തുള്ള സൂപ്പ് ഒഴിവാക്കുന്നതാണ് ഗുണകരം. ഇതില്‍ കൊഴുപ്പിന്റെ അംശം കൂടുതലായിരിക്കും. ജ്യുസിനേക്കാള്‍ കൂടുതല്‍ ആരോഗ്യദായകം സൂപ്പ് ആണ്.

സൂപ്പ് പെട്ടെന്ന് ദഹിക്കുന്നത് മാത്രമല്ല, കൂടുതല്‍ പോഷക ഗുണമുള്ളതുമാണ്. ഇത് ഒരു പരിധിവരെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിച്ച് നിര്‍ത്താനും സഹായിക്കുന്നു. ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, പ്രോട്ടീന്‍ എന്നിവയാല്‍ ശരീര ഊര്‍ജത്തെ വര്‍ധിപ്പിക്കാന്‍ സൂപ്പിന് കഴിയുന്നു. പഴങ്ങള്‍ ഉപയോഗിച്ചുള്ള ജ്യൂസ് പഞ്ചസാരയുടെ അളവില്‍ ഉയര്‍ന്നവയാണ്. ഇവ തുടക്കത്തില്‍ ഊര്‍ജം പകരുമെങ്കിലും പതിയെ കുറയുകയും തളര്‍ച്ച അനുഭവപ്പെടുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *