പുകവലിമൂലം പല്ലുകളില്‍ കറവരാനുള്ള സാധ്യത അധികമാണ്. മഞ്ഞയും തവിട്ടും നിറത്തിലും പല്ലിലുണ്ടാക്കുന്ന ഈ കറ അത്ര പെട്ടെന്ന് കളയാനാവില്ല. പുകയിലയിലെ നിക്കോട്ടിന്‍ നിറമില്ലാത്ത വസ്തുവാണെങ്കിലും അവ ഓക്സിജനുമായി ചേരുമ്പോള്‍ മഞ്ഞ നിറമാകുകയും പല്ലില്‍ കറകളായി മാറുകയും ചെയ്യുന്നു.
ഇതിന്റെ കൂടെ സിഗററ്റിലെ ടാര്‍ കൂടി ചേരുമ്പോള്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ പല്ലിലെ ഇനാമലിന് ഉണ്ടാകും. താരതമ്യേന ഹാനി കുറഞ്ഞ വേപ്പിങ് പോലും പല്ലില്‍ കറകള്‍ ഉണ്ടാക്കാമെന്ന് ദന്തഡോക്ടര്‍ പറഞ്ഞു.
പുകവലി പല്ലുകള്‍ക്കുണ്ടാക്കുന്ന ആഘാതം കറയില്‍ മാത്രം ഒതുങ്ങുന്നതല്ല. നിക്കോട്ടിന്‍ ഉമിനീരിന്റെ ഉത്പാദനം കുറയ്ക്കുന്നു. വായിലെ ആസിഡുകള്‍ നിര്‍വീര്യമാക്കാനും ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുമൊക്കെ ഉമിനീര്‍ അത്യാവശ്യമാണ്. ഇതിന്റെ അഭാവത്തില്‍ വായിയില്‍ പോടുകളും ദന്തക്ഷയവും ഉണ്ടാകും. ഇനാമലിനെ ദുര്‍ബലമാക്കുന്നത് പല്ലുകള്‍ വേഗം പൊടിയാനും അമിത സംവേദനത്വം ഉണ്ടാകാനും ഇടയാക്കുന്നു. വായ്നാറ്റം , വായിലെ അര്‍ബുദം എന്നിവയ്ക്കും പുകവലി കാരണമാകും.
ഈ കറകള്‍ വൈറ്റ്നിങ് ഉത്പന്നങ്ങള്‍ കൊണ്ട് നീക്കം ചെയ്യാനായി സാധിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ആഴത്തിലുള്ള കറകളാണെങ്കില്‍ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ നിരന്തരം ഉപയോഗിച്ചാല്‍ ഇനാമല്‍ നാശത്തിലേക്ക് നയിക്കും. പുകവലി ഉപേക്ഷിക്കാനായി സാധിക്കുന്നില്ലെങ്കില്‍ . ദന്തശുചിത്വത്തില്‍ ശ്രദ്ധപുലര്‍ത്തുക. ദിവസവും രണ്ട് നേരം പല്ല് തേക്കുക. ആന്റിബാക്ടീരിയല്‍ മൗത്ത് വാഷിന്റെ ഉപയോഗമെല്ലാം കറയുടെ കാഠിന്യം കുറയ്ക്കുന്നു.