ഒരു കുഞ്ഞിനായുള്ള തയാറെടുപ്പിലാണോ നിങ്ങള്‍, എങ്കില്‍ സ്ത്രീ മാത്രമല്ല പുരുഷന്മാരും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ നല്‍കണം. പുരുഷന്മാരുടെ പ്രത്യുല്പാദനക്ഷമത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും പുരുഷന്മാരിലെ പ്രത്യുല്പാദനക്ഷമത മെച്ചപ്പെടുത്തും. പോഷകങ്ങളടങ്ങിയ സമീകൃതഭക്ഷണം കഴിക്കുന്നതോടൊപ്പം മദ്യം, കഫീന്‍, പ്രോസസ് ചെയ്ത ഭക്ഷണം ഇവ ഒഴിവാക്കുന്നത് ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും കുട്ടിയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യും. ബീജത്തിന്റെ ആരോഗ്യത്തിനായി പുരുഷന്മാര് ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം…..
- കഫീന്‍ – കഫീന്റെ അമിതോപയോഗം, പ്രത്യേകിച്ച് ഊര്‍ജപാനീയങ്ങളുടെ ഉപയോഗം ബീജത്തിന്റെ എണ്ണം കുറയ്ക്കും. ഇത് ബീജത്തിന്റെ ഡിഎന്‍എയെ ബാധിക്കുകയും ചെയ്യും. കുട്ടി ഉണ്ടാവാന്‍ ഉള്ള തയാറെടുപ്പിലാണെങ്കില്‍ കഫീന്റെ ഉപയോഗം ദിവസം 200 മി.ഗ്രാമിലും കുറയ്ക്കണം. കഫീന്റെ അളവ് കൂടിയാല്‍ അത് ഡിഎന്‍എ തകരാറുകള്‍ക്കും കാരണമാകും. ബീജത്തിന്റെ ഗുണനിലവാരത്തെയും ചലനക്ഷമതയെയും എല്ലാം ഇത് ബാധിക്കും. കുട്ടിക്കായി തയാറെടുക്കുന്ന പുരുഷന്മാര് കാപ്പിയും മറ്റ് കഫിനേറ്റഡ് പാനീയങ്ങളും ഒഴിവാക്കണം.
- പ്രോസസ് ചെയ്ത ഇറച്ചിയും ഫാസ്റ്റ് ഫുഡും – ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയില്‍ പ്രിസര്‍വേറ്റീവുകളും സോഡിയവും ധാരാളമായി ഉണ്ട്. ഇവ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഫാസ്റ്റ്ഫുഡ് കഴിക്കുന്നത് ഇന്‍ഫ്ലമേഷനു കാരണമാകും. ബീജത്തിന്റെ ഗാഢത കുറയാനും ചലനശേഷിക്ക് തകരാര്‍ വരാനും ഇത് കാരണമാകും. തുടര്‍ച്ചയായി റെഡ്മീറ്റും പ്രോസസ് ചെയ്ത ഭക്ഷണങ്ങളും കഴിക്കുന്നത് ബീജത്തിന്റെ ഉല്പാദനത്തെ ബാധിക്കും. ഈ ഇറച്ചികളില്‍ ആരോഗ്യകരമായ കൊഴുപ്പുകളും ഹോര്‍മോണുകളും ധാരാളമായുണ്ട്. ഇത് ബീജത്തിന്റെ രൂപീകരണ പ്രക്രിയ (Spermatogenesis) യെ ബാധിക്കും. ഈ ഇറച്ചി ഉപയോഗിക്കുന്നതു കുറച്ചാല്‍ പ്രത്യുല്പാദന ആരോഗ്യം മെച്ചപ്പെടും.
- മദ്യത്തിന്റെ അമിതോപയോഗം – കടുത്ത മദ്യപാനം ബീജത്തിന്റെ ഉല്പാദനത്തെ തടസ്സപ്പെടുത്തും. ബീജത്തിന്റെ അളവും ചലക്ഷമതയും എല്ലാം കുറയാനും ഇത് ഇടയാക്കും. ബീജത്തിന്റെ ആരോഗ്യത്തിനായി മദ്യപാനശീലമുള്ളവര്‍ അതിന്റെ അളവ് കുറയ്ക്കുകയോ പൂര്‍ണമായും ഒഴിവാക്കുകയോ ചെയ്യണം.
- മെര്‍ക്കുറി അടങ്ങിയ മത്സ്യം – ചൂര, കൊമ്പന്‍സ്രാവ് തുടങ്ങിയ മത്സ്യങ്ങളില്‍ മെര്‍ക്കുറിയുണ്ട്. ഇത് ബീജത്തിലെ ഡിഎന്‍എയ്ക്ക് തകരാറുണ്ടാക്കും. ബീജത്തിന്റെ ആരോഗ്യത്തിന് ഇത്തരം മെര്‍ക്കുറി അടങ്ങിയ മത്സ്യങ്ങള്‍ ഒഴിവാക്കണം.
- സോയ ഉല്പന്നങ്ങള് – സോയയില്‍ ഐസോഫ്ലേവനുകള്‍ ഉണ്ട്. സോയ ഉല്പന്നങ്ങളുടെ അമിതോപയോഗം ബീജത്തിന്റെ കൗണ്ട് കുറയ്ക്കും. പുരുഷന്മാരില് ഹോര്‍മോണ്‍ അസന്തുലനത്തിന് കാരണമാകുകയും പ്രത്യുല്‍പാദനക്ഷമതയെ തടസ്സപ്പെടുത്തുകയും ചെയ്യും.
- മധുരപാനീയങ്ങള്‍ – കൃത്രിമ മധുരങ്ങള്‍ അടങ്ങിയ മധുരപാനീയങ്ങള്‍ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കും. ഇത്തരം പാനീയങ്ങള്‍ പതിവായി ഉപയോഗിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധത്തിനും ഇന്‍ഫ്ലമേഷനും കാരണമാകും. ഇത് ബീജത്തിന്റെ ചലനശേഷിയെയും എണ്ണത്തെയും ബാധിക്കും. അസ്പാര്‍ടെം, സാക്കറിന് തുടങ്ങിയ കൃത്രിമ മധുരങ്ങളുടെ അമിതോപയോഗം ഓക്സീകരണ സമ്മര്‍ദത്തിനു കാരണമാകും. ഇത് ബീജത്തിലെ ഡിഎന്‍എ യെ തകരാറിലാക്കും. ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കും.
- കൊഴുപ്പു കൂടിയ പാലുല്പന്നങ്ങള് – കൊഴുപ്പു കളയാത്ത പാല്, ചിലയിനം പാല്‍ക്കട്ടികള്‍ ഇവ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കും. പൂരിതകൊഴുപ്പിന്റെ കൂടിയ അളവ് ഹോര്‍മോണ്‍ അസന്തുലനത്തിലേക്കു നയിക്കും. ഇത് സ്പേം കൗണ്ടിനെയും പ്രത്യുല്പാദന ആരോഗ്യത്തെയും ബാധിക്കും.