Good News

100 വയസ്സുള്ള ഗൈനക്കോളജിസ്റ്റ്; ഡോക്ടര്‍ ലീലയെ അറിയണം, വാര്‍ദ്ധക്യം ആനന്ദകരമാക്കാന്‍ ചില ടിപ്സ്

ഗൂഗിളില്‍ ഡോ ലീല കുര്യന്‍ എന്ന് തിരഞ്ഞാല്‍ ഇന്‍സ്റ്റഗ്രാമിലും ലിങ്ക്ഡ് ഇന്നിലുള്ള അക്കൗണ്ടുകള്‍ കാണാം. നൂറാം വയസ്സില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഒരു ഡോക്ടര്‍ 62 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ഒടുവില്‍ മധുരയില്‍ വിശ്രമജീവിതം നയിക്കുയാണിപ്പോള്‍.

82-ാം വയസ്സില്‍ ചികിത്സാ രംഗത്തോട് വിടപറഞ്ഞതിന് പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റിലും ഡോക്ടര്‍ ഭാഗ്യം പരീക്ഷിച്ചു. ചാറ്റ് ജിപിടി ഉള്‍പ്പടെയുള്ള നൂതനമായ സാങ്കേതിക വിദ്യകളും ഡോക്ടര്‍ക്ക് വശമുണ്ട്.യൂട്യൂബില്‍ നോക്കി പാചക പരീക്ഷങ്ങളുംനടത്താറുണ്ട്.

മകളോടൊപ്പം താമസിക്കുന്ന ഈ ഡോക്ടര്‍ക്ക് പുസ്തകവായനയാണ് ഇഷ്ടം. ഏഴാം വയസ്സില്‍ അച്ഛന്‍ വാങ്ങിക്കൊടുത്ത ‘കാട്ടില്‍ അകപ്പെട്ട കുട്ടികള്‍’ എന്ന കഥാപുസ്തകമാണ് വായനയുടെ ലോകത്തേക്ക് നയിച്ചത്. ഒറ്റക്ക് താമസിക്കുമ്പോള്‍ ഏകാന്തത ഒഴിവാക്കുന്നതിനായി ഒരു വിനോദം കണ്ടെത്തണമെന്നാണ് ഡോക്ടറുടെ കുറിപ്പടി.

ഇപ്പോഴത്തെ പ്രധാന വിനോദം അമ്മ ചെറുപ്പത്തില്‍ പഠിപ്പിച്ചു തന്ന തുന്നലാണ്. കൊച്ചുമക്കള്‍ക്കായി കളിപ്പാട്ടങ്ങളും കമ്പിളി ഉടുപ്പുകളും തുന്നാറുണ്ട്. സുഹൃത്തുക്കളും അയല്‍ക്കാരും ബന്ധക്കളുമായി നല്ല സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കണം. ഒഴിവ് നേരങ്ങളില്‍ അവരോട് സംസാരിച്ചാല്‍ മനസ്സിന് ധൈര്യം ലഭിക്കുമെന്നാണ് തിരുവല്ല മേപ്രാല്‍ കണിയാത്ര കുടുംബാംഗമായ ഡോ ലീലയുടെ സാക്ഷ്യം. സങ്കടം വരുമ്പോള്‍ ലഭിച്ച സൗകര്യങ്ങളോര്‍ത്ത് ദൈവത്തിനോട് നന്ദി പറയണം.

ഡോ. ലീലയുടെ ‘കുറിപ്പടി’ ഇങ്ങനെ

*ഏകാന്തത ഒഴിവാക്കാന്‍ എന്തെങ്കിലും വിനോദം കണ്ടെത്തുക.
*എന്തും പോസിറ്റീവായി കാണുക.
*ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരുമായി നല്ല ബന്ധം നിലനിര്‍ത്തുക.