ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ഒരു റെക്കോഡല്ല. രണ്ടു റെക്കോഡാണ് ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറെ നേടിയത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള രണ്ടാം ടെസ്റ്റ് അരങ്ങേറിയത് ബുംറെയുടെ 31-ാം ജന്മദിനത്തില്‍ ആയിരുന്നു. ബര്‍ത്തേഡേ ഗിഫ്റ്റായി താരത്തിന് ആദ്യം കിട്ടിയത് ഡക്കിന് പുറത്താകുക എന്ന ദുര്‍വ്വിധിയായിരുന്നു.
പിങ്കുബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ബുംറെ തന്റെ ജന്മദിനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഡക്കിന് പുറത്താകുന്ന നാലാമത്തെ ഇന്ത്യാക്കാരനായിട്ടാണ് മാറിയത്. മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ സയ്യിദ് കിര്‍മാണിയാണ് ജന്മദിനത്തില്‍ ഡക്ക് റെക്കോര്‍ഡ് ചെയ്ത ആദ്യ ഇന്ത്യക്കാരന്‍. 1978-ല്‍ തന്റെ 29-ാം ജന്മദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇത് ചെയ്തു. ഇംഗ്ലണ്ടിനെതിരെ നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ 1996ല്‍ നടന്ന ടെസ്റ്റിനിടെ വെങ്കടപതി രാജു തന്റെ 27-ാം ജന്മദിനത്തില്‍ ഡക്ക് സ്‌കോര്‍ ചെയ്തു. 2018ല്‍ സതാംപ്ടണില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ബുംറയ്ക്ക് മുമ്പ് ഇഷാന്ത് ശര്‍മ്മ പിറന്നാള്‍ ഡക്കായി.
അതിന് പിന്നാലെ ബൗളിംഗിന് ഇറങ്ങിയ ബുംറെ മറ്റൊരു റെക്കോഡ് കൂടി നേടി. 2024-ല്‍ 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ജസ്പ്രീത് ബുംറ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സില്‍ തന്റെ 50-ാം വിക്കറ്റില്‍ ഉസ്മാന്‍ ഖവാജയെ യാണ് ബുംറെ പുറത്താക്കിയത്. ഫസ്റ്റ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തുകയായിരുന്നു. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍, 54 പുറത്താക്കലുകളുമായി ജസ്പ്രീത് ബുംറ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്.