ന്യൂഡെല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന 13 കാരന്‍ എന്ന രീതിയിലും ഐപിഎല്‍ ടീമില്‍ ആദ്യമായി കരാര്‍ കിട്ടിയ 15 വയസ്സില്‍ താഴ്ന്നയാള്‍ എന്ന നിലയിലും ചരിത്രം തിരുത്തിയ വൈഭവ് സൂര്യവംശി വീണ്ടും ഞെട്ടിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാക്കപ്പ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സൂര്യവംശി ആറ് സിക്‌സറുകളാണ് പറത്തിയത്.
യുഎഇക്കെതിരായ മത്സരത്തിലാണ് താരം ഈ അര്‍ധസെഞ്ചുറി നേടിയത്. ഇന്നിംഗ്സില്‍ ആറ് സിക്സറുകള്‍ പറത്തി യുഎഇയ്ക്കെതിരെ ഗര്‍ജ്ജിച്ച യുവതാരം തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ചു. ഈ ബാറ്റിംഗോടെ ഇന്ത്യന്‍ ടീം സെമിയില്‍ കടക്കുകയും ചെയ്തു. അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന ഐപിഎല്‍ 2025 ലേലത്തില്‍, വൈഭവ് സൂര്യവന്‍ഷിയെ രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ കൗമാരതാരമായിട്ടാണ് സൂര്യവംശി മാറിയത്.
ഷാര്‍ജ സ്റ്റേഡിയത്തില്‍ 13 കാരനായ വൈഭവ് സൂര്യവന്‍ഷി ബാറ്റ് ചെയ്ത് ഗ്രൗണ്ടിന് ചുറ്റും ഷോട്ടുകള്‍ പായിച്ച രീതി ശരിക്കും പ്രശംസനീയമാണ്. യുഎഇയ്ക്കെതിരായ മത്സരത്തില്‍ 46 പന്തില്‍ 3 ഫോറും 6 സിക്സും ഉള്‍പ്പെടെ 76 റണ്‍സാണ് വൈഭവ് പുറത്താകാതെ നിന്നത്. ഈ സമയത്ത്, അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 165 ആയിരുന്നു. വൈഭവ് സൂര്യവംശി തുടക്കം മുതല്‍ തന്നെ ഫോമിലായിരുന്നു.
51 പന്തില്‍ 4 ഫോറും 4 സിക്സും ഉള്‍പ്പെടെ 67 റണ്‍സുമായി പുറത്താകാതെ നിന്ന ആയുഷ് ആണ് വൈഭവിന് പിന്തുണ നല്‍കിയത്. ഇരുവരും തമ്മിലുള്ള സെഞ്ച്വറി കൂട്ടുകെട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ യുഎഇയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ യുഎഇ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അത് അവരെ കാര്യമായി തുണച്ചില്ല.