Lifestyle

10 മണിക്കൂര്‍ കൊടും മഞ്ഞത്ത് ക്യൂനിന്ന് ചോക്ലേറ്റ് വാങ്ങി; യുവാവിന്റെ സന്തോഷം ഏറ്റെടുത്ത് ലോകം വൈറല്‍

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്? എന്നാല്‍ 10 മണിക്കൂര്‍ കാത്തിരുന്നു ‘ദുബായ് ചോക്ലേറ്റ്’ സ്വന്തമാക്കിയ യുവാവിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ജര്‍മന്‍കാരവട്ടെ നല്ല ചോക്ലേറ്റ് ലഭിക്കാനായി എത്ര നേരം വേണമെങ്കിലും കാത്തിരിക്കാനായി തയ്യാറാണെന്ന മട്ടിലാണ്.

ദുബായിക്കാരിയായ ബ്രിട്ടീഷ് – ഈജിപ്ഷ്യന്‍ സംരംഭകയായ സാറയാണ് 2021 ല്‍ ഈ പിസ്ത ക്രീം ഉള്ളില്‍ നിറച്ച ചോക്ലേറ്റ് ആദ്യമായി ഉണ്ടാക്കിയത്. അത് ഒരു ഗര്‍ഭകാലക്കൊതിയുടെ പേരിലാണെന്നും അവര്‍ പറയുന്നു. രണ്ടാമത്തെ മോളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മധുരം കഴിക്കാനായി തോന്നി. ഭര്‍ത്താവിനെ ദുബായ് ബേക്കറിയിലേക്ക് വിട്ട് എല്ലാ ചോക്ലേറ്റുകളും വാങ്ങിപ്പിച്ചെങ്കിലും തൃപ്തിയായില്ല. തുടര്‍ന്ന് അമ്മ പണ്ട് ഉണ്ടാക്കി നല്‍കിയ മധുരരുചി ഓര്‍ത്തെടുത്ത് ചേക്ലേറ്റിനുള്ളില്‍ നിറച്ച് പിസ്ത ക്രീമും ആവോളം ചേര്‍ത്ത് ഉണ്ടാക്കിയെടുത്തതാണ് ഈ ചോക്ലേറ്റ്.

ഈ റെസിപ്പി പ്രകാരം രണ്ട് മാസം മുന്‍പ് അലി ഫക്രോയെന്നയാള്‍ ബര്‍ലിനിലെ സ്വന്തം ബേക്കറിയില്‍ ഇതേ ചോക്കലേറ്റ് ഉണ്ടാക്കിയെടുത്തു. പരീക്ഷണാടിസ്ഥാനത്തില്‍ ഉണ്ടാക്കിയതായതിനാല്‍ വെറും 20 ചോക്ലേറ്റ് മാത്രമാണ് ആദ്യ ദിവസം ഉണ്ടാക്കിയത്. പക്ഷേ അലിയെ അമ്പരപ്പിച്ച് 20 ഉം വിറ്റുപോയി. അടുത്ത ദിവസം 50 ആയി വര്‍ധിപ്പിച്ചു. അതും ചൂടപ്പം പോലെ വിറ്റു. അലിയുടെ ബേക്കറിക്ക് മുന്നില്‍ പിന്നീട് ഈ ചോക്ലേറ്റിന് ആവശ്യക്കാര്‍ ഏറെയായി.

സംഭവം ക്ലിക്കായത് കണ്ട പ്രമുഖ സ്വിസ് ചോക്കലേറ്റ് നിര്‍മാതാക്കളായ ‘ലിന്‍ഡ്’ അവരുടെ വക ദുബായ് ചോക്കലേറ്റ് ജര്‍മന്‍ വിപണിയിലേക്ക് എത്തിച്ചു. മഞ്ഞുപെയ്ത് മരംകൊച്ചുന്ന തണുപ്പത്ത് ആളുകള്‍ ക്യൂ നിന്ന് ചോക്കലേറ്റ് വാങ്ങുകയാണിപ്പോള്‍. ഇപ്പോള്‍ ലോകമ്പാടും ഈ ചോക്ലേറ്റ് വൈറലാണ്.

20 യൂറോ നല്‍കിയാലാണ് ഒരു ചോക്ലേറ്റ് വാങ്ങാനാവുക. ലിന്‍ഡിന്റെ സ്റ്റുറ്റ്ഗട്ടിലെ ഔട്ട്‌ലറ്റില്‍ നിന്നും 10 മണിക്കൂര്‍ കാത്ത് ചോക്കലേറ്റ് വാങ്ങിയ ലിയോയുടെ സന്തോഷം ലോകം തന്നെ ഏറ്റെടുക്കുകയാണ്.15-20 യൂറോയാണ് യഥാര്‍ഥ ചോക്കലേറ്റിന്റെ വിലയെങ്കിലും 300 യൂറോയ്ക്ക് വരെ ഓണ്‍ലൈനില്‍ ദുബായ് ചോക്കലേറ്റ് വിറ്റ്‌പോകുന്നുണ്ടെന്ന് ആളുകള്‍ പറയുന്നു.

45 കിലോ ദുബായ് ചോക്ലേറ്റുമായി ജര്‍മനിക്ക് പോകാന്‍ എയര്‍പോർട്ടിലെത്തിയ യുവാവിനെ കഴിഞ്ഞയാഴ്ച സ്വീസ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു.