Healthy Food

എരിവുള്ള ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഹൃദയത്തിന് നല്ലതാണോ? കാർഡിയോളജിസ്റ്റ് പറയുന്നു

എരിവുള്ള ഭക്ഷണം ഹൃദയത്തിന് ആരോഗ്യകരമാണോ? ചര്‍ച്ചകളും ഗവേഷണങ്ങളും ആരംഭിച്ചിട്ട് കാലമേറെയായി. കാന്താരി മുളക് കൊളസ്ട്രോളിന് മികച്ച ഔഷധമായി കരുതുന്ന പഴമക്കാരും നമുക്കിടയിലുണ്ട്. ചുവന്ന മുളകിലടങ്ങിയിരിക്കുന്ന സംയുക്തമായ ക്യാപ്‌സൈസിൻ, ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകള്‍. ഹൃദയത്തിന് ആരോഗ്യകരമായ ഒന്നാണെന്ന് പറയുമ്പോള്‍ തന്നെ അതിന് പോരായ്മകളും ഉണ്ടെന്നും മറുപക്ഷമുണ്ട്.

ഹൈദരാബാദിലെ കെയര്‍ ഹോസ്പിറ്റല്‍സ് ഹൈടെക് സിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ വിനോദ് പറയുന്നതനുസരിച്ച്, എരിവുള്ള ഭക്ഷണത്തിന്റെ പതിവ് ഉപയോഗവും ഹൃദയാഘാതവും തമ്മില്‍ നേരിട്ട് ബന്ധമൊന്നുമില്ല. വാസ്തവത്തില്‍, എരിവ് അടങ്ങിയ ഭക്ഷണങ്ങളുടെ മിതമായ ഉപയോഗം, പ്രത്യേകിച്ച് ക്യാപ്‌സൈസിന്‍ അടങ്ങിയവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് .

എരിവുള്ള ഭക്ഷണത്തിന്റെ ഗുണങ്ങള്‍:

മുളകിലെ എരിവിന് കാരണമാകുന്ന സംയുക്തമായ കാപ്‌സൈസിന് ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഈ ഗുണങ്ങള്‍ വീക്കം, ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവ കുറയ്ക്കാന്‍ സഹായിക്കും, ഇവ രണ്ടും ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മെച്ചപ്പെട്ട മെറ്റബോളിസം

ക്യാപ്സൈസിന് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ കഴിയും, ഇത് ശരീരഭാരം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. (ശരീരത്തിലെ രണ്ട് പ്രധാന പ്രക്രിയകളായ കാറ്റബോളിസവും അനബോളിസവും കൂടിച്ചേരുന്നതാണ് മെറ്റബോളിസം. നാം കഴിക്കുന്ന ഭക്ഷണത്തെ സംയുക്തങ്ങളും തന്മാത്രകളുമായി വിഘടിപ്പിക്കുകയും അതില്‍നിന്ന് ശരീരത്തിന് ആവശ്യമുള്ള ഊര്‍ജം ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ലളിതമായി പറഞ്ഞാല്‍ മെറ്റബോളിസം. )

രക്തസമ്മര്‍ദ്ദം കുറയ്ക്കല്‍

ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ക്യാപ്സൈസിന്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആയാസം കുറയ്ക്കാനും സഹായിക്കുമെന്നാണ് . നിലവില്‍ ഹൃദയസംബന്ധങ്ങളായ അസുഖങ്ങളോ ദഹന സംബന്ധിയായ അസുഖങ്ങ​ളോ ഉള്ള വ്യക്തികള്‍ മസാലകളുടെ ഉപയോഗം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ധന്റെ ഉപദേശ തേടുന്നത് നന്നായിരിക്കും.

മുന്‍കരുതലുകള്‍

എരിവുള്ള ഭക്ഷണം ഗുണങ്ങള്‍ നല്‍കുമ്പോഴും അത് മിതമായ അളവില്‍ കഴിക്കേണ്ടത് പ്രധാനമാണ്. അമിതമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ദഹനപ്രശ്‌നങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇടയാക്കും, ഇത് ഹൃദയാരോഗ്യത്തെ പരോക്ഷമായി ബാധിച്ചേക്കാം.

നിങ്ങള്‍ എരിവുള്ള ഭക്ഷണം കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നവരാണെങ്കില്‍, അത് സുരക്ഷിതമായി ഉപയോഗിക്കണമെന്ന് ഡോ വിനോദ് പറയുന്നു. ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

സാവധാനത്തില്‍ കഴിക്കാന്‍ ആരംഭിക്കുക: നിങ്ങളുടെ ശരീരം ക്രമപ്പെട്ടുവരുന്നതുവരെ മസാലകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ കുറേശയായി ഉള്‍പ്പെടുത്തുക.

മിതമായ സുഗന്ധവ്യഞ്ജനങ്ങള്‍ തിരഞ്ഞെടുക്കുക: ഉണക്കി പൊടിച്ച കുരുമുളക്, ബെല്‍ പെപ്പര്‍ (ഒരു തര ക്യാപ്സികം), അധികം എരിവില്ലാത്ത പച്ചമുളക് തുടങ്ങിയ എരിവ് കുറഞ്ഞവ തിരഞ്ഞെടുക്കുക.

ആന്റി-ഇന്‍ഫ്‌ലമേറ്ററി മസാലകള്‍ ഉപയോഗിക്കുക: വീക്കം കുറയ്ക്കാന്‍ പാചകത്തില്‍ മഞ്ഞള്‍, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവ ഉള്‍പ്പെടുത്തുക.

കൂളന്റുകള്‍ ഉപയോഗിച്ച് ബാലന്‍സ് ചെയ്യുക: ദഹനന്ദ്രിയങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ തൈര്, അവോക്കാഡോ അല്ലെങ്കില്‍ കുക്കുമ്പര്‍ പോലുള്ള കൂളിംഗ് ഏജന്റുമാരുമായി എരിവുള്ള ഭക്ഷണങ്ങള്‍ ചേര്‍ത്ത് കഴിക്കുക.

ജലാംശം നിലനിര്‍ത്തുക: ധാരാളം വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ ഏത് അസ്വസ്ഥതകളും ലഘൂകരിക്കാന്‍ സഹായിക്കും.