Crime

അമ്മയെ മര്‍ദ്ദിച്ച യുവാവിനെ സഹോദരി ഫ്‌ളാസ്‌ക്കെടുത്ത് തലയ്ക്കടിച്ചു, സഹോദരന്‍ ജനനേന്ദ്രിയം തകര്‍ത്തു

പീരുമേട്: പള്ളിക്കുന്ന് വുഡ് ലാന്‍സ് എസ്‌റ്റേറ്റില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ അമ്മയും സഹോദരിയും സഹോദരനും അറസ്റ്റില്‍. കൊല്ലമറ്റത്ത് ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു (29) മരിച്ച സംഭവത്തിലാണ് അമ്മ പ്രേമ (50), സഹോദരന്‍ വിനോദ് (25), സഹോദരി ബിനിത (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

മൂവരും ചേര്‍ന്ന് നടത്തിയ മര്‍ദനത്തെത്തുടര്‍ന്നാണ് ബിബിന്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവ സമയം വീട്ടിലുണ്ടായിരുന്ന മറ്റു ചിലര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയെന്നു പറഞ്ഞ് ബന്ധുക്കളാണ് ബിബിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പരിശോധനയിലും പോസ്റ്റ് മോര്‍ട്ടത്തിലും ബിബിന്‍ തൂങ്ങി മരിച്ചതല്ലെന്നു കണ്ടെത്തി. ശരീരത്തില്‍ മാരകമായ പരുക്കേറ്റിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണമാണു പ്രതികളിലേക്ക് എത്തിയത്.

തമിഴ്‌നാട്ടില്‍ ഡ്രൈവറായിരുന്ന ബിബിന്‍ അഞ്ചിനു സഹോദരിയുടെ കുട്ടിയുടെ പിറന്നാല്‍ ആഘോഷത്തിനും ദീപാവലി ആഘോഷത്തിനുമായിട്ടാണ് നാട്ടിലെത്തിയത്. മദ്യ ലഹരിയിലായിരുന്ന ബിബിന്‍ അമ്മയും സഹോദരനും സഹോദരിയുമായി തര്‍ക്കത്തിലായി. വഴക്കിനിടെ അമ്മയെ ബിബിന്‍ മര്‍ദിച്ചു. ഇതുകണ്ട സഹോദരി ഫ്‌ളാസ്‌ക്കെടുത്ത് ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സഹോദരന്റെ മര്‍ദനത്തില്‍ ജനനേന്ദ്രിയത്തിനും പരുക്കേറ്റു.

ഇയാള്‍ മരണപ്പെട്ടെന്ന സംശയമുണ്ടായതോടെ ഇവര്‍ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പേ മരണം സംഭവിച്ചിരുന്നു. മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണു പ്രതികള്‍ കുറ്റം സമ്മതിച്ചത്. തുടര്‍ച്ചയായി പ്രതികള്‍ മൊഴിമാറ്റിയത് അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം മൂവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.