ലോകത്തെ ഏറ്റവും കിടയറ്റ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ കിടയറ്റ പോരാട്ടത്തെ സൂചിപ്പിക്കുന്ന പദമാണ് എല്‍ ക്ലാസ്സിക്കോ. സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ബാഴ്‌സിലോണയും തമ്മിലുള്ള ഏറ്റുമുട്ടല്‍. ഇത്തവണ ബാഴ്‌സിലോണ 4-0 നായിരുന്നു റയലിനെ മറിച്ചത്. കഴിഞ്ഞയാഴ്ച സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ജര്‍മ്മന്‍കാരന്‍ പരിശീലകന്‍ ഹാന്‍സി ഫ്‌ളിക്ക് ഈ വിജയത്തിലൂടെ എല്‍ക്ലാസ്സിക്കോ വിജയം നേടിയ കോച്ചുമാരുടെ പട്ടികയില്‍ കയറുകയും റയലുമായുള്ള ബാഴ്‌സയുടെ പോയിന്റകലം കൂട്ടുകയും ചെയ്തു.
കരുത്തരായ റയലിനെ വീഴ്ത്താന്‍ ഫ്‌ളിക്ക് കണ്ടെത്തിയ ഉപായമാണ് ഇപ്പോള്‍ ചര്‍ച്ച. കടുത്ത സമ്മര്‍ദ്ദമുളള മത്സരമായിട്ടും തന്റെ തന്ത്രം അണുവിടെ തെറ്റിക്കുന്നവരെ പിന്‍വലിച്ച് പകരം ആളെയിറക്കുമെന്ന് പരിശീലകന്‍ ഭീഷണി മുഴക്കിയിരുന്നതായിട്ടാണ് കേള്‍ക്കുന്നത്. ഫ്രഞ്ച് മുന്നേറ്റക്കാരന്‍ കിലിയന്‍ എംബാപ്പേയും ഇംഗ്‌ളണ്ടിന്റെ ബെല്ലിംഗ്ഹാമുമെല്ലാം ഉണ്ടായിരുന്ന നിരയെ കുടുക്കാന്‍ ഫ്‌ളിക്ക് പ്രയോഗിച്ച തന്ത്രം ഓഫ് സൈഡ് കെണിയായിരുന്നു. മുന്നേറ്റക്കാരന്‍ എംബാപ്പയെ സ്ഥിരം ഓഫ്‌സൈഡാക്കുകകയായിരുന്നു പരിപാടി.
ഇതില്‍ ബാഴ്‌സ വിജയിക്കുകയും ചെയ്തു. മത്സരത്തില്‍ 12 തവണമാണ് റയല്‍ താരങ്ങള്‍ ഓഫ് സൈഡില്‍ കുരുങ്ങിയത്. അതില്‍ എട്ടെണ്ണം തന്റെ ആദ്യ ക്ലാസിക്കോയില്‍ ഇറങ്ങിയ കൈലിയന്‍ എംബാപ്പെക്കെതിരെയാണ് ലഭിച്ചത്. മത്സരത്തില്‍ ആരെങ്കിലും ഒരു മീറ്റര്‍ പോലും പിന്നിലായാല്‍ താന്‍ പകരം ആളെയിറക്കുമെന്നായിരുന്നു ഫ്‌ളിക്കിന്റെ ഭീഷണി. ആശാന്റെ വാക്കുകള്‍ അതേപടി സ്വീകരിച്ച കളിക്കാര്‍ അത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. എന്തായാലും വിജയം ടീമുകള്‍ തമ്മില്‍ പോയിന്റകലം ആറാക്കി മാറ്റി.
ലാ ബ്ലൂഗ്രാന ഈ ശനിയാഴ്ച സ്വന്തം തട്ടകത്തില്‍ നഗര എതിരാളികളായ എസ്പാന്‍യോളിനെയാണ് നേരിടുക. തെക്കന്‍ സ്‌പെയിനിലെ വെള്ളപ്പൊക്കം കാരണം റയലിന്റെ വലന്‍സിയക്കെതിരായ മത്സരം മാറ്റിവച്ചിരിക്കുകയാണ്.