Health

അമിതമായി ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത കൂട്ടും- പഠനം

അമിതമായി ഫ്രൂട്ട് ജ്യൂസ് കുടിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ബിഎംജെ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം എല്ലാത്തരം പഞ്ചസാര പാനീയങ്ങളും പതിവായി ഉപയോഗിച്ചാല്‍ രോഗം വരാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. 100% പഴച്ചാറും, മറ്റു പഞ്ചസാര പാനീയങ്ങളുമാണ് പഠനത്തിനായി എടുത്തത്. രണ്ട് പാനീയങ്ങളുടെയും ഉപഭോഗം ക്യാന്‍സറിനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.

പഠനം നിരീക്ഷണാത്മകമാണ് അതിനാല്‍ പഞ്ചസാര ക്യാന്‍സറിനുള്ള കാരണമാകുന്നുവെന്ന് ഗവേഷകര്‍ക്ക് പറയാന്‍ കഴിയില്ല. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തണമെന്ന് ഗവേഷകര്‍ ആവശ്യപ്പെടുന്നു. പഞ്ചസാര പാനീയങ്ങളായ കോളകളും, നാരങ്ങാവെള്ളവും, എനര്‍ജി ഡ്രിങ്കുകളുമെല്ലാം അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതാണ് ക്യാന്‍സറിനും കാരണമാകുന്നത്. പക്ഷെ, ക്യാന്‍സര്‍ ഉണ്ടാക്കാന്‍ പഞ്ചസാരയെ പ്രേരിപ്പിക്കുന്ന മറ്റ് കാരണങ്ങളും ഉണ്ടാകാം എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ്, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയ സുപ്രധാന അവയവങ്ങള്‍ക്ക് ചുറ്റും സംഭരിക്കുന്ന കൊഴുപ്പില്‍ പഞ്ചസാരയുടെ സ്വാധീനം വളരെ കൂടുതലാണ്. ഇത് ക്യാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.

‘പതിവു പോലെ നല്ല പോഷകാഹാരം കഴിക്കണം. പക്ഷെ, കഴിക്കുന്നത് സന്തുലിതമാക്കുക എന്നതാണ് പ്രധാനം’ – ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. മാത്തില്‍ഡെ ടൊവിയര്‍ പറഞ്ഞു. പ്രതിദിനം ഒരു പ്രാവശ്യത്തില്‍ കൂടുതല്‍ ഇത്തരം പാനീയങ്ങള്‍ കുടിക്കരുതെന്ന് നിരവധി പൊതുജനാരോഗ്യ ഏജന്‍സികള്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. കൊളാ പാനീയങ്ങള്‍പോലെ തന്നെ അപകടകരമാണ് ഫ്രൂട്ട് ജ്യൂസുകളും. 100 മില്ലി കോളയിലും ഓറഞ്ച് ജ്യൂസിലും ഷുഗര്‍ കണ്ടന്റ് ഒരേ അളവിലാണ് ഉള്ളതെന്നും ടൊവിയര്‍ പറയുന്നു.