കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ചില കുട്ടികള്‍ നാണം കുണുങ്ങികളായി മാറുന്നത് കാണാം. പൊതു സമൂഹത്തിന് മുന്നില്‍ എത്തുമ്പോഴായിരിയ്ക്കും മിക്ക കുട്ടികളും ഈ പ്രശ്നം നേരിടുന്നത്. ആളുകളോട് ഇടപഴകാനും സംസാരിക്കാനും ഇവര്‍ വിമുഖത കാണിയ്ക്കും. ഒരു കുട്ടിക്ക് നാല് മാസം ആകുമ്പോള്‍ മുതല്‍ അവരില്‍ നാണം കണ്ടുവരുന്നു എന്നാണ് സൈക്കോളജി പറയുന്നത്. ചില കുട്ടികളില്‍ ഈ നാണം വളരുംതോറും കൂടിക്കൊണ്ടിരിക്കും. ഇത്തരത്തില്‍ നാണം കൂടുന്നത് കുട്ടികളെ പൊതു ഇടങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിലേയ്ക്ക് സ്വയം പ്രേരിപ്പിക്കുന്നു. കുട്ടികളിലെ അമിതമായിട്ടുള്ള നാണം മാറ്റിയെടുക്കാന്‍ അമ്മമാര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
- നല്ല ക്ഷമ വേണം – കുട്ടികളോട് ഒരു കാര്യം ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരം ലഭിച്ചെന്ന് വരികയില്ല. ഇത്തരം സന്ദര്‍ഭത്തില്‍ ദേഷ്യപ്പെടുകയോ, അല്ലെങ്കില്‍ അടിക്കുകയോ ചെയ്യുന്നതല്ല ഉചിതമായ രീതി. പകരം, ക്ഷമയോടെ കാത്തിരിക്കുക. ചിലപ്പോള്‍ കുട്ടികള്‍ അവരുടെ കംഫര്‍ട്ട് സോണ്‍ കിട്ടുന്നതിനായി കാത്തിരിക്കുകയായിരിക്കും. പെട്ടെന്ന് കുട്ടിയോട് ക്ലാസ്സില്‍ പഠിപ്പിച്ച കവിത ചൊല്ലാന്‍ പറയുമ്പോള്‍ മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ കുറച്ച് നാണം പ്രകടിപ്പിച്ചെന്നിരിക്കാന്‍. എന്നാല്‍, അമ്മ എന്ന നിലയില്‍ നിങ്ങള്‍ നല്‍കുന്ന പിന്തുണ കുട്ടിയുടെ ഭയത്തെ നീക്കുന്നതിനും കുറച്ച് സമയത്തിന് ശേഷം പാടാന്‍ പ്രേരിപ്പിക്കുകയും ചെയ്യാം.
- കുട്ടികള്‍ പറയുന്നത് എന്താണെന്ന് കൃത്യമായി ശ്രദ്ധിക്കുക – കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. അമ്മമാര്‍ തങ്ങള്‍ പറയുന്നത് ശ്രദ്ധിക്കുന്നില്ല എന്ന് തോന്നിയാല്‍ പിന്നീട് കുട്ടികള്‍ ഒന്നും തന്നെ പറയാതെയാകും. അതിനാല്‍ കുട്ടികള്‍ക്ക് സംസാരിക്കാന്‍ നിങ്ങള്‍ അവസരം നല്‍കണം. ഇത്തരത്തില്‍ വീട്ടില്‍ നിന്നും സംസാരിച്ച് തുടങ്ങുന്നിടത്താണ് പുറത്തും സംസാരിക്കാനുള്ള ധൈര്യം കുട്ടികള്‍ക്ക് ലഭിക്കൂ. കുട്ടികളിലെ പേടിയും നാണവും മാറ്റിയെടുക്കാന്‍ പൊതുഇടങ്ങളില്‍ അവര്‍ക്ക് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി എടുക്കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ എന്തെങ്കിലും ഉത്സാഹത്തോടെ പറഞ്ഞ് അവതരിപ്പിക്കാന്‍ വന്നാല്‍ അവരെ തളര്‍ത്താതെ അവ കേള്‍ക്കുന്നതും കുട്ടികളിലെ ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കുന്ന കാര്യമാണ്.
- താരതമ്യപ്പെടുത്തല്‍ ഒഴിവാക്കാം – കുട്ടികളോട് മാതാപിതാക്കള്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് മറ്റുള്ള കുട്ടികളുമായി തന്റെ കുട്ടിയെ താരതമ്യപ്പെടുത്തുന്നത്. കുട്ടികളെ മാനസികമായി ഇല്ലാതാക്കുന്ന കാര്യമാണ് ഇത്തരം താരതമ്യപ്പെടുത്തലുകള്‍. കുട്ടികളെ മാനസികമായി ഇല്ലാതാക്കാന്‍ പലപ്പോഴും ഇത്തരം താര്യതമ്യപ്പെടുത്തലുകള്‍ കാരണമാകാം. ഇത് ഇവര്‍ വളര്‍ന്നാലും സമൂഹത്തിന്റെ മധ്യത്തിലേയ്ക്ക് വരാന്‍ മടിക്കും.
- നാണം കുണുങ്ങി എന്ന് കുട്ടികളെ പരസ്യമായി കളിയാക്കരുത് – ഓരോ കളിയാക്കലുകളും കുട്ടികളെ മാനസികമായി തളര്‍ത്തുന്നുണ്ട്. പ്രത്യേകിച്ച് മാതാപിതാക്കള്‍ തന്നെ നാണം കുണുങ്ങി എന്ന് പൊതു ഇടങ്ങളിലും വീട്ടിലും കളിയാക്കുമ്പോള്‍ കുട്ടികളിലെ ആത്മവിശ്വാസത്തെയാണ് ഇത് ബാധിക്കുന്നത്. നിങ്ങളുടെ മക്കള്‍ പൊതു ഇടത്തിലെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ പെട്ടെന്ന് പതറി പോകുന്നുവെങ്കില്‍ അതിനെ മറികടക്കാനുള്ള വിദ്യയും മക്കളെ പഠിപ്പിക്കുക. പെട്ടെന്ന ഉത്തരം പറയാന്‍ സാധിച്ചില്ലെങ്കില്‍ നാണിച്ച് ഇരിക്കുന്നതിന് പകരം ഇപ്പോള്‍ ഉത്തരം പറയാന്‍ താല്‍പര്യമില്ല എന്ന് പറഞ്ഞ് പഠിപ്പിക്കാം. ഇത് കുട്ടികളിലെ അമിതമായിട്ടുള്ള നാണം കുറയ്ക്കാന്‍ സഹായിക്കും.
- കുട്ടികളുടെ ഉള്ളിലെ ഭയം വളരാന്‍ അനുവദിക്കരുത് – കുട്ടികളെ നിയന്ത്രിക്കുന്നതിനായി അമ്മമാര്‍ പല കാര്യങ്ങള്‍ പറഞ്ഞ് പേടിപ്പിച്ച് നിര്‍ത്താറുണ്ട്. കുട്ടികളുടെ മനസ്സില്‍ ഇത്തരം കാര്യങ്ങള്‍ വേഗത്തില്‍ കയറിപറ്റുകയും ചെയ്യും. അതിനാല്‍ ഓരോ കാര്യങ്ങളും വാക്കുകളും പ്രയോഗിക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കണം. കുട്ടികളുടെ മനസ്സില്‍ ഇവ കുടുങ്ങിയാല്‍ പുറത്ത് കടക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.