ഹനുമാൻ സ്വാമിയെ സ്ത്രീ രൂപത്തില്‍ ആരാധിക്കുന്ന ക്ഷേത്രത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഛത്തീസ്ഗഡിലെ രത്തന്‍പൂര്‍ ജില്ലയില്‍ ഗിര്‍ജബന്ധിലാണ് ഇത്തരത്തിലൊരു ക്ഷേത്രമുള്ളത്. നിരവധി ഭക്തരാണ് ഇവിടെ ഏത്താറുള്ളത്. സ്ത്രീവേഷധാരിയായ ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. പ്രധാന പ്രതിഷ്ഠയ്ക്കു പുറമെ, ശ്രീരാമനെയും സീതയെയും ഇരുതോളുകളിലായി വഹിച്ചു കൊണ്ടു പറക്കുന്ന ഹനുമാന്റെ വിഗ്രഹവും കാണാം. ഇവിടത്തെ ഹനുമാനെ ആരാധിച്ചാല്‍ മനസില്‍ ആഗ്രഹിക്കുന്നതെന്തും സാധ്യമാകും എന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്.
റായ്പൂരിലെ സ്വാമി വിവേകാനന്ദ എയര്‍പോര്‍ട്ടാണ് രത്തന്‍പൂറിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്ന് ബിലാസ്പൂര്‍ നഗരത്തിലേക്ക് ബസുകളും ടാക്‌സികളും കിട്ടും. ബിലാസ്പൂരില്‍ നിന്ന് 28 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ രത്തന്‍പൂരിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്താം. ട്രെയിന്‍ മാര്‍ഗമാണ് വരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ബിലാസ്പൂര്‍ ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനാണ് തൊട്ടടുത്തുള്ളത്. ഇവിടെ നിന്ന് രത്തന്‍പൂരിലേക്ക് 25 കിലോമീറ്റര്‍ ദൂരമുണ്ട്. സ്റ്റേഷനിലെത്തിയാല്‍ ഇവിടെ നിന്ന് രത്തന്‍പൂരിലേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. രത്തന്‍പൂര്‍ ഭരിച്ചിരുന്ന പൃഥ്വി ദേവ്ജു എന്ന രാജാവാണ് ഹനുമാന്‍ ക്ഷേത്രം നിര്‍മ്മിച്ചത്. കടുത്ത ഹനുമാന്‍ ഭക്തനായിരുന്ന ആദ്ദേഹം തന്റെ വിജയങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും പിന്നില്‍ ഹനുമാനാണെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ഒരിക്കല്‍ രാജാവിന് കുഷ്ഠ രോഗം പിടിപെട്ടു. ഒരു ദിവസം ഹനുമാന്‍ അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ വരികയും തനിയ്ക്കായി അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കണമെന്ന് അരുള്‍ ചെയ്തു. ക്ഷേത്രപണികള്‍ പുരോഗമിച്ചു. പണി പൂര്‍ത്തിയാകാറായപ്പോള്‍ വീണ്ടും ഹനുമാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു.
ഇത്തവണ മറ്റൊരു നിര്‍ദേശമാണ് രാജാവിന് ലഭിച്ചത്. സമീപ പ്രദേശത്തുള്ള മഹാമായ എന്ന തടാകത്തില്‍ നിന്ന് ഒരു വിഗ്രഹം ലഭിക്കും, അത് ഈ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കണമെന്നായിരുന്നു ആ നിര്‍ദേശം. ഹനുമാനെ ജീവനു തുല്യം ആരാധിച്ചിരുന്ന രാജാവ് തൊട്ടടുത്ത ദിവസം തന്നെ തടാകത്തിനടുത്തെത്തി. സ്വപ്നത്തില്‍ പറഞ്ഞതു പ്രകാരം ഇവിടെ നിന്ന് അദ്ദേഹത്തിന് ഒരു വിഗ്രഹവും ലഭിച്ചു. എന്നാല്‍ വിഗ്രഹം കണ്ട രാജാവ് അമ്പരന്നു. വിഗ്രഹത്തിന് സ്ത്രീയുടെ രൂപമായിരുന്നു. ഹനുമാന്റെ നിര്‍ദേശമുണ്ടായിരുന്നതിനാല്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ക്ഷേത്രത്തിനുള്ളില്‍ സ്ത്രീയുടെ രൂപത്തിലുള്ള ഹനുമാനെ പ്രതിഷ്ഠിച്ചു.
അത്ഭുതമായിരുന്നു പിന്നീട് സംഭവിച്ചത്, രാജാവിന്റെ കുഷ്ഠ രോഗവും അതോടെ ഇല്ലാതായി. തന്റെ രോഗം മാറ്റിയ ഹനുമാനോട് അദ്ദേഹം നന്ദി അറിയിക്കുകയും തന്റെ പ്രജകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രജകള്‍ എന്ത് കാര്യം ആഗ്രഹിച്ച് ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നുവോ അക്കാര്യം സഫലമാക്കിക്കൊടുക്കാനായിരുന്നു രാജാവ് പ്രാര്‍ത്ഥിച്ചത്.