Movie News

ഗജിനിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചനയുമായി സൂര്യ ; ഹിന്ദിയില്‍ ആമിര്‍ഖാന്‍ തന്നെ നായകന്‍

തമിഴിലും ഹിന്ദിയിലും വമ്പന്‍വിജയമായ ഗജിനിയുടെ രണ്ടാം പതിപ്പിനൊരുങ്ങുകയാണ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എ.ആര്‍. മുരുകദോസ്. ഈ സൂചന നല്‍കിയിരിക്കുന്നത് തമിഴിലെ സൂപ്പര്‍താരം സൂര്യയാണ്.

തന്റെ അടുത്ത റിലീസായ ‘കങ്കുവ’യുടെ പ്രമോഷനുകള്‍ക്കായി പിങ്ക് വില്ലയുമായുള്ള ഒരു ചാറ്റിലായിരുന്നു സൂപ്പര്‍താരം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ തീര്‍ച്ചയായും സൂര്യയുടേയും ആമിര്‍ഖാന്റെയും സംഗമമായിരിക്കുമെന്നാണ് വിവരം. ഒരേസമയം ഹിന്ദിയിലും തമിഴിലും ഒരേസമയം നിര്‍മ്മിക്കുന്ന സിനിമയില്‍ തമിഴിലെ നായകവേഷം സൂര്യയും ഹിന്ദിയിലെ നായകവേഷം ആമിര്‍ഖാനും ചെയ്യും.

സൂര്യ, അസിന്‍, നയന്‍താര എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 2005 ല്‍ പുറത്തിറങ്ങിയ തമിഴ് ഗജിനി വന്‍ വിജയമായിയിരുന്നു. മൂന്നു വര്‍ഷത്തിന് ശേഷം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ആമിര്‍ഖാനായിരുന്നു നായകന്‍. അസിന്‍ നായികയായ സിനിമയില്‍ ജിയാഖാനും അഭിനയിച്ചു. ഹിന്ദി പതിപ്പും ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടി.

ശിവകാര്‍ത്തികേയനൊപ്പം സിനിമ ഒരുക്കുന്ന തിരക്കിലായ എആര്‍ മുരുകദോസ്, സമാന്തരമായി സല്‍മാന്‍ ഖാനെ നായകനാക്കി ബോളിവുഡ് സിനിമ ‘സിക്കന്ദറി’ലും പ്രവര്‍ത്തിക്കുകയാണ്. തിരക്കുള്ള സംവിധായകന്‍ രണ്ട് ചിത്രങ്ങളും കൃത്യമായ ഇടവേളകളില്‍ ചിത്രീകരിക്കുന്നു.

ബോക്‌സോഫീസില്‍ ശക്തമായ തിരിച്ചുവരവാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ‘ഗജിനി 2’ നെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തുടര്‍ഭാഗം എന്ത് മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നുവെന്ന് കാണാന്‍ നമുക്ക് കാത്തിരിക്കാം.