ന്യൂഡല്‍ഹി: ന്യൂസിലന്റിനെതിരേയുള്ള ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഒന്നു വിളറിപ്പോയെങ്കിലും ശക്തമായി തിരിച്ചടിച്ച ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഉജ്വലമായി പൊരുതിയ ഇന്ത്യ 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഒരു അസാധാരണ നേട്ടമുണ്ടാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 100 സിക്സറുകള്‍ തികയ്ക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇന്ത്യ നേടിയത്.
വെള്ളിയാഴ്ച ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഈ നേട്ടത്തിലെത്തി. 2022 ല്‍ ഇംഗ്ലണ്ടിന്റെ 89 സിക്സുകളുടെ റെക്കോര്‍ഡും മറികടന്നു. ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് സിക്‌സറുകള്‍ നേടിയ ടീമുകളില്‍ മുന്നിലെത്തിയ ഇന്ത്യ 102 സിക്‌സറുകളാണ് പറത്തിയത്. 2021 ല്‍ ഇന്ത്യ 87 സിക്‌സറുകള്‍ നേടിയിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിനെ ന്യൂസിലന്‍ഡിന്റെ ടിം സൗത്തി മറികടന്നു. സെവാഗ് ഇന്ത്യക്കായി 104 ടെസ്റ്റുകള്‍ കളിച്ചു, 82.23 സ്ട്രൈക്ക് റേറ്റില്‍ 8,586 റണ്‍സ് നേടിയിട്ടുണ്ട്, അതില്‍ 32 അര്‍ധസെഞ്ചുറികളും 23 സെഞ്ചുറികളും മൊത്തം 91 സിക്സുകളും ഉള്‍പ്പെടുന്നു.
മത്സരത്തിന് മുമ്പ്, സൗത്തി തന്റെ ടെസ്റ്റ് കരിയറില്‍ 89 സിക്സറുകള്‍ നേടിയിരുന്നു, ഈ ഗെയിമിലെ പ്രകടനത്തോടെ, സെവാഗിന്റെ റെക്കോര്‍ഡ് മറികടന്ന് അദ്ദേഹം തന്റെ മൊത്തം സ്‌കോര്‍ 93 ആയി ഉയര്‍ത്തി. 106 ടെസ്റ്റുകളില്‍ നിന്ന് 131 സിക്സുകളുമായി പട്ടികയില്‍ ഒന്നാമത് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ആണ്.
മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനും നിലവിലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലകനുമായ ബ്രണ്ടന്‍ മക്കല്ലം 101 മത്സര കരിയറില്‍ 107 സിക്സറുകള്‍ പറത്തി. 100 സിക്സറുകളുമായി ആദം ഗില്‍ക്രിസ്റ്റ് മൂന്നാം സ്ഥാനത്തും 98 സിക്സുകളോടെ ക്രിസ് ഗെയ്ല്‍ നാലാം സ്ഥാനത്തും 97 സിക്സറുകളോടെ ജാക്വസ് കാലിസ് ആദ്യ അഞ്ച് സ്ഥാനത്തും ഉണ്ട്.
ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 462 റൺസിന് ഓൾഔട്ടായി. ആദ്യ ഇന്നിങ്സിൽ 402 റൺസെടുത്ത കിവീസിന് വിജയിക്കാൻ ഇനി 107 റൺസ് മാത്രം മതിയാകും. സെഞ്ച്വറി നേടിയ സർഫറാസ് ഖാന്റെയും ഒരു റൺ അകലെ വച്ച് സെഞ്ച്വറി നഷ്ടമായ റിഷഭ് പന്തിന്റെയും പിൻബലത്തിലാണ് ഇന്ത്യ 462 റൺസിലെത്തിയത്. 150 റൺസെടുത്ത സർഫറാസാണ് ടോപ് സ്കോറർ. നാലാം ടെസ്റ്റ് കളിക്കുന്ന സർഫറാസിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്. സ്‌കോര്‍: ഇന്ത്യ-46, 462, ന്യൂസിലന്‍ഡ്- 402