ലോകം കണ്ട ഏറ്റവും നല്ല വ്യവസായിയും കറ കളഞ്ഞൊരു മനുഷ്യനുമാണ് അന്തരിച്ച പത്മവിഭൂഷണ്‍ രത്തന്‍ ടാറ്റ. അദ്ദേഹത്തിന്റ മരണ ശേഷം അദ്ദേഹത്തിന്റെ ഒരു ബയോപിക് നിര്‍മ്മിക്കുന്നതായി സീ മീഡിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രത്തന്‍ ടാറ്റയുടെ അന്ത്യത്തില്‍ ZEE എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തലമുറകളോളം വരുന്ന ഭാരതീയര്‍ക്ക് അദ്ദേഹം നേതൃപാടവം ഒരു മാതൃക തന്നെയാണ്.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും നല്‍കിയ സുപ്രധാന സംഭാവനകള്‍ക്കുള്ള ആദരസൂചകമായി, ZEE യുടെ എംഡിയും സിഇഒയുമായ പുനിത് ഗോയങ്ക ടാറ്റയുടെ ജീവിതത്തെയും സ്വാധീനത്തെയും കുറിച്ചുള്ള ഒരു ജീവചരിത്ര സിനിമ നിര്‍മ്മിയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ബയോപിക് പ്രഖ്യാപനം വന്നതോടെ രത്തന്‍ ടാറ്റയുടെ വേഷം നന്നായി ചെയ്യാന്‍ കഴിയുന്ന അഭിനേതാക്കളുടെ പേരുകള്‍ നെറ്റിസണ്‍മാര്‍ നിര്‍ദ്ദേശിയ്ക്കാനും തുടങ്ങി. രത്തന്‍ ടാറ്റയുടെ ചെറുപ്പകാലം അഭിനയിക്കാന്‍ ‘ജിം സര്‍ഭ്’ മികച്ച ആളായിരിയ്ക്കും എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ‘നസീറുദ്ദീന്‍ ഷാ ആയിരിക്കും ഈ വേഷത്തിന് ഏറ്റവും അനുയോജ്യം.’ – എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.
വിവേക് ഒബ്റോയ് സംവിധാനം ചെയ്യുകയും സഹ-രചന നിര്‍വഹിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രത്തില്‍ രത്തന്‍ ടാറ്റയെ ബോമന്‍ ഇറാനിയാണ് സ്‌ക്രീനില്‍ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ബോമന്‍ ഇറാനിയാണ് ആ വേഷത്തിന് അനുയോജ്യന്‍ എന്നാണ് ഒരു വിഭാഗം പറയുന്നത്. രത്തന്‍ ടാറ്റയുടെ റോളിന് ആരാണ് ഏറ്റവും അനുയോജ്യമെന്ന് കാണാന്‍ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിയ്‌ക്കേണ്ടി വരും.